തൊടുപുഴ: സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ മുള്ളൻപന്നിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. പുറപ്പുഴ പഞ്ചായത്തിലെ ഇരുട്ടുതോട് ലക്ഷംകവലയിൽ തടത്തിൽ ബിജു അഗസ്റ്റിന്റെ പുരയിടത്തിലെ കിണറ്റിലാണ് 12 കിലോയോളം തൂക്കം വരുന്ന മുള്ളൻ പന്നിയെ കണ്ടത്. ഇന്നലെ രാവിലെ വെള്ളം കലങ്ങിക്കിടക്കുന്നതിനെ തുടർന്ന് നിരീക്ഷിച്ചപ്പോഴാണ് മുള്ളൻപന്നി ചാടിയതാണെന്ന് മനസിലായത്. ബിജു ഉടൻ തന്നെ തൊടുപുഴ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പിന്നീട് ഏണിയും വലയുമുപയോഗിച്ച് മുള്ളൻപന്നിയെ കരയ്ക്കു കയറ്റി. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുള്ളൻ പന്നിയെ ഏറ്റുവാങ്ങി. ഗ്രേഡ് എ.എസ്.ടി.ഒ ജാഫർഖാൻ, ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ അജയകുമാർ, ഷിബിൻ ഗോപി, രഞ്ജികൃഷ്ണൻ, മനു, അനിൽ നാരായണൻ, ടി.കെ. മുസ്തഫ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.