മുട്ടം:കനത്ത മഴയെ തുടർന്ന് മുട്ടം പരപ്പാൻ തോട് കരകവിഞ്ഞൊഴുകി. ഇതേ തുടർന്ന് തോടിന്റെ തീരത്തുള്ള നിരവധി വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി.തോട്ടുങ്കര പാലത്തിന് സമീപത്തുള്ള ചെട്ടിപ്പറമ്പിൽ ഷാജഹാൻ സി എം,കുന്നുംപുറത്ത് സതീശൻ,കുറ്റിയാനിക്കൽ നാരായണൻ,അത്തിമണ്ണിൽ സുനിത,വത്സ റ്റി ടി,നത്തേക്കാട്ടിൽ ഹനീഫ,ജോമോൻ പൂത്തോടിയിൽ,തെള്ളിക്കുന്നേൽ കുഞ്ഞ്‌മോൻ എന്നിവരുടെ വീടുകളിലാണ് പ്രധാനമായും വെള്ളം കയറിയത്. ഇവരിൽ മിക്കവാറും ആളുകൾ വാടകക്ക് താമസിക്കുന്നവരുമാണ്. ചള്ളാവയൽ മാക്കിൽ കോളനിയിലെ കൈതോട് നിറഞ്ഞു കവിഞ്ഞ് പ്രദേശത്തെ നിരവധി വീടുകളിലും പറമ്പിലും വെള്ളം നിറഞ്ഞു.ഇവിടങ്ങളിലെ പശു തൊഴുത്ത്, ആട്ടിൻ കൂട്, കോഴി ക്കൂട് എന്നിവിടങ്ങളിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് മൃഗങ്ങളേയും മറ്റും മുട്ടം മൃഗാശുപത്രിയിലേക്ക് മാറ്റി.മാക്കിൽ പ്രദേശത്തെ താമസക്കാരായ പട്ടരുവിളയിൽ യേശുദാസ്,ആലക്കൽ രാജൻ,തുരുത്തിക്കര മേരി എന്നിവരുടെ വീടുകളിലും ആൾ താമസമില്ലാത്ത മറ്റ് ഏതാനും ചില വീടുകളിലും വെള്ളം കയറി.പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ബിജു എന്നിവരുടെ നേതൃത്വത്തിൽ വീട്ടുകാരെ ബന്ധുകളുടെയും അയൽ വാസികളുടെയും വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.മഴ കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ സ്‌കൂളിൽ ക്യാമ്പ് പ്രവർത്തിപ്പിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ പറഞ്ഞു.