തൊടുപുഴ: ഭക്തിയുടെ നിറവിൽ ഇടവെട്ടി ഔഷധസേവ നടത്തി. കേരളത്തിനു പുറമേ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളും ഔഷധ സേവയിൽ പങ്കെടുത്തതായി ഭാരവാഹികൾ പറഞ്ഞു.
പുലർച്ചെ നാലുമണിയോടെ ആരംഭിച്ച ഔഷധസേവ ഉച്ചയ്ക്ക് ഒരുമണി വരെ നീണ്ടു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ, പ്രാർത്ഥനയോടെ ഔഷധം സേവിച്ച് ഭഗവൽ ദർശനവും നടത്തി ഔഷധ കഞ്ഞിയും കുടിച്ച് ആത്മനിർവൃതിയോടെയാണ് ഭക്തജനങ്ങൾ മടങ്ങിയത്.
ക്ഷേത്രം മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി, പി.കെ.കെ നമ്പൂതിരിപ്പാട് പുതുവാമന, മാധവൻ പോറ്റി തുരുത്തേൽ മഠം എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. വിശിഷ്ടാതിഥിയായി സ്വാമി ഉദിത് ചൈതന്യ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് വി.ബി. ജയൻ, സെക്രട്ടറി സിജു ബി. പിള്ള, സഹരക്ഷാധികാരി എം.ആർ. ജയകുമാർ, ട്രഷറർ രവീന്ദ്രൻ മൂത്തേടത്ത്, ക്ഷേത്രം മാനേജർ കെ.ആർ. സതീഷ്, ഔഷധസേവ കൺവീനർ സുധീർകുമാർ പുളിക്കൽ എന്നിവർ നേതൃത്വം നൽകി ഔഷധസേവയോടനുബന്ധിച്ച്, ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടിസി തൊടുപുഴ ബസ് ടെർമിനലിൽ നിന്ന് പ്രത്യേക സർവീസുകൾ നടത്തി.