medical-college

ആരോഗ്യരംഗത്ത് കേരളമാതൃക പ്രശസ്തമാണെങ്കിലും ഇടുക്കി എക്കാലവും അതിനൊരു അപവാദമായിരുന്നു. മൂന്നാർ, മറയൂർ, തേക്കടി, പീരുമേട്, ചെറുതോണി തുടങ്ങി ജില്ലയുടെ വിവിധ മേഖലകളിലുള്ളവർ ഇപ്പോഴും വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം, കോലഞ്ചേരി, തമിഴ്നാട്ടിലെ തേനി മെഡിക്കൽ കോളേജുകളെയാണ് ആശ്രയിക്കുന്നത്. 80 മുതൽ 180 വരെ കിലോമീറ്റർ താണ്ടിവേണം ഈ മെഡിക്കൽ കോളേജുകളിലെത്താൻ. റോഡപകടങ്ങളും പ്രകൃതിദുരന്തങ്ങളുമടക്കം ഹൈറേഞ്ചിലുണ്ടായ അത്യാഹിതങ്ങളിൽ കൃത്യസമയത്തു വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ നിരവധിപ്പേരാണ് മരണത്തിനു കീഴടങ്ങിയത്. ഈ ദുഃഖത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയോടെയാണ് 2014ൽ ഇടുക്കി സർക്കാർ മെഡിക്കൽ കോളേജ് ആരംഭിച്ചത്. ആദ്യ ബാച്ചിന്റെ പഠനം ആരംഭിച്ചത് 2014 സെപ്തംബർ ഒന്നിനാണ്. 1976ൽ ഇടുക്കി ജലവൈദ്യുത പദ്ധതി യാഥാർത്ഥ്യമായതിനു ശേഷമുള്ള ജില്ലയിലെ ഏറ്റവും വലിയ വികസന സ്വപ്നമായിരുന്നു ഇത്. എന്നാൽ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നു പലവട്ടം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആവശ്യപ്പെട്ടിട്ടും മെഡിക്കൽ കോളേജ് അധികൃതരോ സംസ്ഥാന സർക്കാരോ അതിനു തയ്യാറായില്ല. ഇതോടെ, 2016ൽ മൂന്നാം ബാച്ചിലേക്കുള്ള പ്രവേശന അപേക്ഷയും മെഡിക്കൽ കോളേജിന്റെ അംഗീകാരവും മെഡിക്കൽ കൗൺസിൽ തള്ളി. എം.ബി.ബി.എസ് വിദ്യാർത്ഥികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്കു മാറ്റുകയും ചെയ്തു. പിന്നീടുള്ള രണ്ട് വർഷം കൂടി അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ വലിയൊരു സ്വപ്നം അവസാനിച്ചെന്നായിരുന്നു കരുതിയത്.

അർജ്ജുൻ പാണ്ഡ്യന്റെ

അടിയന്തര ചികിത്സ

ജില്ലാ വികസന കമ്മിഷണർ അർജ്ജുൻ പാണ്ഡ്യനെ മെഡിക്കൽ കോളേജ് നോഡൽ ഓഫീസറുടെ ചുമതലയേൽപ്പിക്കുന്നതോടെയാണ് ഇടുക്കി മെഡിക്കൽ കോളേജിന്റെ ശനിദശ മാറുന്നത്. സംസ്ഥാന സർക്കാരിൽ നിന്ന് ലഭ്യമാക്കേണ്ട രേഖകൾ സഹിതം 4,13,000 രൂപ ഫീസ് അടച്ച് ഇടുക്കി വീണ്ടും അപേക്ഷ സമർപ്പിച്ചു. കൃത്യമായ ഇടവേളകളിൽ അവലോകന യോഗങ്ങൾ വിളിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, വിവിധ വകുപ്പ് തലവന്മാർ, നിർവഹണ ഏജൻസിയായ കിറ്റ്‌കോ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയായിരുന്നു യോഗങ്ങൾ. രണ്ടാഴ്ച കൂടുമ്പോൾ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തലിന്റെ ഭാഗമായി ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കൃത്യമായ പരിശോധന നടത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ നാഷ്ണൽ മെഡിക്കൽ കമ്മിഷൻ ഇൻസ്‌പെക്ഷൻ ടീം ഇടുക്കി മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കെത്തി. ഡൽഹിയിൽ നിന്നെത്തിയ സംഘത്തിന് മുന്നിൽ മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ച കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു. എന്നാൽ ഏപ്രിലിൽ വീണ്ടും അപേക്ഷ തള്ളി. മതിയായ ജീവനക്കാരുടെ കുറവായിരുന്നു കാരണം. ഫാക്കൽറ്റിയിൽ 33 ശതമാനത്തിന്റെയും റസിഡന്റ് ഡോക്ടർമാരിൽ 47 ശതമാനത്തിന്റെയും കുറവ് എൻ.എം.സി അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ മറ്റ് സൗകര്യങ്ങളിൽ മതിപ്പുണ്ടായിരുന്ന എൻ.എം.സി അധികൃതർ ആശുപത്രിയിലെ ജീവനക്കാരുടെ അഭാവം പരിഹരിക്കാൻ 15 ദിവസത്തെ അധിക സമയം അനുവദിച്ചു. ഉടൻ തന്നെ അർജ്ജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി മൂന്ന് ദിവസം ക്യാമ്പ് ചെയ്ത് സർക്കാർ തലത്തിൽ ഇടപെടൽ നടത്തി. സെക്രട്ടേറിയറ്റിൽ ബന്ധപ്പെട്ട അധികൃതരെ കാര്യങ്ങൾ ധരിപ്പിച്ചു. ഇതിലൂടെ 15 ദിവസത്തിനുള്ളിൽ ജീവനക്കാരെ നിയമിച്ച് പ്രശ്‌നം പരിഹരിച്ചു. പിന്നീട് ഇതിന്റെ ഡോക്യുമെന്റ്‌സ് ഉൾപ്പെടെ 200 പേജ് അടങ്ങിയ വിശദമായ റിപ്പോർട്ടും ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങളും വീഡിയോകളും എൻ.എം.സിക്ക് അയച്ച് നൽകി. ഇതിന് ശേഷം ഇക്കഴിഞ്ഞ മേയ് മാസം അർജ്ജുൻ പാണ്ഡ്യൻ ഡൽഹിയിലെ എൻ.എം.സി ആസ്ഥാനത്തെത്തി എൻ.എം.സി സെക്രട്ടറി, എം.ബി.ബി.എസിന് അംഗീകാരം നൽകുന്ന എൻ.എം.സി മെഡിക്കൽ യു.ജി വിഭാഗം പ്രസിഡന്റ് എന്നിവരുൾപ്പെടെ ഉന്നതരെ കണ്ടു. ഇടുക്കിയിൽ മെഡിക്കൽ കോളേജിന്റെ ആവശ്യകതയും ഇതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളും ഒരിക്കൽ കൂടി ബോധ്യപ്പെടുത്തി.

ഇതിന് ശേഷം രണ്ടാഴ്ച മുമ്പ് നോഡൽ ഓഫീസറെയും മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെയും വീണ്ടും ഹിയറിംഗിന് വിളിച്ചു. ഓൺലൈനായി നടത്തിയ ഹിയറിംഗിൽ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചതിന് പുറമേ ആശുപത്രിയിൽ ഭൗതികമായി ഏർപ്പെടുത്തിയ അവസാനഘട്ട പ്രവർത്തനങ്ങൾ എൻ.എം.സി സംഘത്തിന് മുന്നിൽ ലൈവ് വീഡിയോയിൽ കാണിച്ചു. ഇതിന്റെ തുടർച്ചയായി ആവശ്യപ്പെട്ട ഏതാനും വിശദാംശങ്ങൾ കൂടി അടുത്ത ദിവസം അയച്ച് നൽകി. പ്രതീക്ഷിച്ചത് പോലെ 24 മണിക്കൂറിനുള്ളിൽ ഇടുക്കിയുടെ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മെഡിക്കൽ കോളേജിന് അംഗീകാരവും ലഭിച്ചു. അമ്പതിന് പകരം 100 എം.ബി.ബി.എസ് സീറ്റുകൾക്കാണ് അനുമതി ലഭിച്ചത്.


മലയോരജനതയ്ക്കുള്ള അംഗീകാരം

100 എം.ബി.ബി.എസ് സീറ്റുകൾക്ക് അനുമതി ലഭിച്ചത് ജില്ലയുടെ ആരോഗ്യപ്രതീക്ഷകൾക്കു കൂടിയാണു വാതിൽതുറന്നിടുന്നത്. മികച്ച ആശുപത്രികളോ ആധുനിക ചികിത്സാ സംവിധാനങ്ങളോ അരികിലില്ലാത്ത ഹൈറേഞ്ച് മേഖലയിലുള്ളവർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്നതിന് മെഡിക്കൽ കോളേജിൽ അദ്ധ്യയനം ആരംഭിക്കുന്നതോടെ സാധിക്കുമെന്നാണു പ്രതീക്ഷ. നാട്ടുകാർക്ക് വിദഗ്ദ്ധ ചികിത്സ ലഭിക്കുമെന്നതിനൊപ്പം ജില്ലയിലെ മറ്റ് ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകാനും ഇപ്പോഴത്തെ അംഗീകാരം സഹായകരമാവും. മെഡിക്കൽ കോളേജിന് അനുബന്ധമായി ഡെന്റൽ കോളേജും നഴ്‌സിങ് കോളേജും യാഥാർത്ഥ്യമായാൽ ഹൈറേഞ്ചിന്റെ വികസനം വേഗത്തിലാകും. മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാവുന്നതോടെ വിവിധ ഗ്രാന്റുകളും ഫണ്ടും ലഭ്യമാകുകയും ചെയ്യും. മെഡിക്കൽ കോളേജിന്റെ ഭാഗമായി എല്ലാ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുടെയും പ്രവർത്തനം ആരംഭിക്കുന്നതോടെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം സദാസമയവും കൈയ്യെത്തും ദൂരത്തുണ്ടാകുന്നതും ജില്ലയ്ക്ക് വലിയ അനുഗ്രഹമാകും.

ഇനിയും ഒരുക്കണം സൗകര്യം

മുഴുവൻ കെട്ടിടങ്ങളും നിർമ്മിക്കുകയും വേണ്ടത്ര ഡോക്ടർമാരും ആശുപത്രി ജീവനക്കാരും സാങ്കേതിക വിദഗ്ദ്ധരും ചികിത്സാ ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാവുകയും ചെയ്യുമ്പോഴാണു സാധാരണക്കാർക്ക് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന സർക്കാർ മെഡിക്കൽ കോളേജ് എന്ന സ്വപ്‌നം പൂർണമായി പൂവണിയുക. ഇടുക്കി മെഡിക്കൽ കോളേജിൽ ഇപ്പോൾ 75 പേർക്കുള്ള ഹോസ്റ്റൽ നിലവിലുണ്ട്. ഇതോടൊപ്പം എൻ.എം.സി നിഷ്‌കർഷിച്ച പ്രകാരം 300 പെൺകുട്ടികൾക്കും 160 ആൺകുട്ടികൾക്കും താമസിക്കാൻ സൗകര്യമുള്ള ഹോസ്റ്റലിന്റെ നിർമ്മാണം ആഗസ്റ്റ് അവസാനത്തോടെ പൂർത്തിയാകും. അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി എന്നിവയ്ക്കുള്ള ലബോറട്ടറികൾ, മ്യൂസിയങ്ങൾ, ലക്ചറർ തീയറ്റർ എന്നിവ ഇതിനോടകം പ്രവർത്തന സജ്ജമാക്കി. അക്കാഡമിക് ബ്ലോക്കും അഡ്മിനിസ്‌ടേറ്റീവ് ബ്ലോക്കും ഇതിനോടകം പൂർത്തീകരിച്ച് കഴിഞ്ഞു. നിലവിൽ 120 പേരെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. ഇതിന് പുറമേ 300 പേരെ പ്രവേശിപ്പിക്കുന്നതിനുള്ള സൗകര്യവും ക്രമേണ ഒരുക്കും.