ചെറുതോണി: ബഫർസോൺ പ്രശ്‌നത്തിൽ 23.10.2019ലെ മന്ത്രിസഭായോഗതീരുമാനം തിരുത്തണമെന്ന ജനങ്ങളുടെ ആവശ്യവും നിയമസഭ അംഗീകരിച്ച ഭേദഗതിയും ഉൾക്കൊണ്ട് ജനപക്ഷനിലപാടുകൾ സ്വീകരിക്കാൻ തയ്യാറാകാത്തവരും ഒന്നുമുതൽ 10 കിലോമീറ്റർ വരെ ബഫർസോൺ വേണമെന്നാഗ്രഹിക്കുന്നവരുമായ മന്ത്രിമാരെ മന്ത്രിസഭയിൽനിന്നും മാറ്റാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കേരള കർഷകയൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു. ജനപക്ഷ നിലാപടുകൾക്കൊപ്പം നിൽക്കാൻ ജനപ്രതിനിധികൾക്ക് നിർദ്ദേശം നൽകാൻ രാഷ്ട്രീയകക്ഷികൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിസഭായോഗതീരുമാനം പിൻവലിച്ച് ബഫർസോൺ സീറോ കിലോമീറ്ററാക്കുന്നതുവരെ കർഷകയൂണിയൻ, കേരളാ കോൺഗ്രസും ഐക്യജനാധിപത്യമുന്നണിയും വിവിധ സംഘടനകളും നടത്തുന്ന സമരങ്ങളിൽ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.