 ടൂറിസവും നിരോധിച്ചു  അങ്ങിങ്ങ് മഴക്കെടുതി

തൊടുപുഴ: റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി 41 കുടുംബങ്ങളിലായി 115 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കട്ടപ്പന, കഞ്ഞിക്കുഴി, കൊക്കയാർ, പെരുവന്താനം എന്നിവിടങ്ങളിലാണ് ഏഴ് ക്യാമ്പുകൾ തുറന്നിട്ടുള്ളത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ജില്ലയിൽ വിനോദസഞ്ചാരം കളക്ടർ നിരോധിച്ചു. അടിമാലി ആനച്ചാൽ തട്ടാത്തിമുക്കിന് സമീപം വീടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റു. വലിയപാടത്ത് ആലീസ് ജോയിക്കാണ് (53) പരിക്കേറ്റത്. രാത്രി 12 മണിയോടെ ആലീസ് കിടന്നുറങ്ങിയ മുറിയുടെ ഭിത്തി തകർന്ന് മൺതിട്ട വീടിനുള്ളിലേക്ക് പതിക്കുകയായിരുന്നു. ഇവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറകിൽ നിന്ന് മൺതിട്ട ഇടിഞ്ഞു രാജകുമാരി മുള്ളൻതണ്ട് സ്വദേശിനി റോസ്‌ലി ജോസഫിന്റെ വീട് അപകടാവസ്ഥയിലായി. വീടിന്റെ ഭിത്തിയിലും വിള്ലൽ വീണു. വിധവയായ ഇവരോട് മാറി താമസിക്കാൻ അധികൃതർ നിർദ്ദേശിച്ചു. കട്ടപ്പന തൊവരയാർ കണ്ടത്തിങ്കൽ കുഞ്ഞുകുഞ്ഞ് തേവനും (80) ഭാര്യ തങ്കമ്മയും താമസിച്ചിരുന്ന വീട് രാത്രി ഒരു മണിയോടെ തകർന്നു വീണു. ദമ്പതികൾ മകളുടെ വീട്ടിലായതിനാൽ വൻ അപകടം ഒഴിവായി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പാമ്പനാർ പുരോഗമിച്ചിരുന്ന കെ.എഫ്.ഡി.സിയുടെ സിനിമാ ചിത്രീകരണം നിറുത്തിവച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാളെ വരെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 91 മില്ലി മീറ്റർ മഴയാണ് പെയ്തത്. പീരുമേട് താലൂക്കിൽ തീവ്രമഴയാണ് ലഭിച്ചത്- 154.4.

24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് മന്ത്രി റോഷി അഗസ്റ്റ്യന്റെ നേതൃത്വത്തിൽ ഓൺലൈൻ അവലോകന യോഗം ചേർന്നു. രാത്രിയാത്രാ നിരോധനം കർശനമായി നടപ്പാക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. ദേശീയ പാതകളിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ എൻ.എച്ച് വിഭാഗം കാര്യക്ഷമമല്ല. ഇത് അടിയന്തിരമായി പരിശോധിക്കാൻ കളക്ടർക്ക് മന്ത്രി നിർദേശം നൽകി. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം. മണി, വാഴൂർ സോമൻ, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.

എൻ.ഡി.ആർ.എഫ് സംഘം ക്യാമ്പ് ചെയ്യുന്നു
അടിയന്തര സാഹചര്യം നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) ഒരു സംഘം കട്ടപ്പനയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പീരുമേട്, ദേവികുളം എന്നിവിടങ്ങളിലേക്ക് ആവശ്യമെങ്കിൽ കൂടുതൽ സംഘങ്ങളെ ആവശ്യപ്പെടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഫയർ & റസ്‌ക്യൂ ഫോഴ്‌സിന്റെ എട്ട് ഓഫീസുകളിലായി 140 പേരോളം സേവനം ചെയ്യുന്നുണ്ട്.

ഇതുവരെ ആറ് മരണം

കാലവർഷം ആരംഭിച്ചതിന് ശേഷം ജില്ലയിൽ ഇതുവരെ ആറ് പേർ മരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 11 വീടുകൾ പൂർണമായി തകർന്നു. 120 വീടുകൾ ഭാഗികമായി തകർന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് ജില്ലയിൽ നാല് സബ് ഡിവിഷനുകളിലായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു.


മഴയുടെ അളവ് (മില്ലി മീറ്ററിൽ)

പീരുമേട്- 154.4

തൊടുപുഴ- 113.2

ദേവികുളം- 70.6

ഇടുക്കി- 74.6

ഉടുമ്പഞ്ചോല- 42.2

ശരാശരി- 91