തൊടുപുഴ: 2018ലെയും 2019ലെയും പോലെയുള്ള കാലാവസ്ഥ സാഹചര്യങ്ങളാണ് ഈ വർഷവും കണ്ടുവരുന്നതെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി. മലയോര മേഖലയിലും സമതല പ്രദേശങ്ങളിലും ജനങ്ങൾ ഒരുപോലെ ജാഗ്രത പുലർത്തണം. ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ദുരന്തനിവാരണത്തിനായി മുൻകൂട്ടി സജ്ജമാവേണ്ട സാഹചര്യമാണ് കാണുന്നത്. ജനങ്ങൾക്ക് നിർഭയരായി കഴിയാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് ഏവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം. തോടുകളും പുഴകളും കവിഞ്ഞൊഴുകുകയും ഡാമുകൾ നിറഞ്ഞ ജലം ഒഴുക്കി വിടേണ്ട സാഹചര്യമുണ്ടാകുമ്പോൾ തികഞ്ഞ വൈദഗ്ദ്ധ്യത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കാൻ തയ്യാറാക്കേണ്ടതുണ്ട്. പ്രകൃതിദുരന്തങ്ങളും മഴക്കെടുതികളും തുടർച്ചയായുണ്ടായിട്ടും സ്ഥായിയായ ദുരന്തനിവാരണ സംവിധാനം രൂപം കൊടുക്കാത്തത് ഇപ്പോഴും പോരായ്മയായി തന്നെ നിൽക്കുന്നു. അധികൃതരോട് ചേർന്ന് എല്ലാ വിഭാഗം ജനങ്ങളും കൂട്ടായി പ്രവർത്തിക്കണം. എം.പി പറഞ്ഞു.