മൂന്നാർ: റിസോർട്ട് വാങ്ങാനെന്ന് പറഞ്ഞ് മൂന്നാറിലെത്തി പലരെയും കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പൊലീസ് പിടിയിലായി. പാലക്കാട് മണ്ണാർക്കാട് കണ്ഡമംഗലം ചോലയ്ക്കൽ വീട്ടിൽ എ. കുഞ്ഞുമുഹമ്മദ് (31) ആണ് അറസ്റ്റിലായത്. ഇയാൾ നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ നവംബറിൽ മൂന്നാർ ടൗണിലെ ബിസ്മി മൊബൈൽ ഷോപ്പിലെത്തി കോടീശ്വരൻ ചമഞ്ഞ് ഒന്നര ലക്ഷം രൂപയുടെ മൊബൈൽ ഫോണും പണവും തട്ടിയെടുത്തു. പോതമേട്ടിലുള്ള എസ്റ്റേറ്റും റിസോർട്ടും വാങ്ങിയ ആളാണെന്ന് തെറ്റിധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. തന്റെ കൈവശമുള്ള രണ്ട് ഫോണുകൾ നൽകാമെന്ന് പറഞ്ഞാണ് ഇയാൾ ഫോണും 30,000 രൂപയും തട്ടിയെടുത്തത്. ഫോണിന്റെ ഇ.എം.ഐ. നമ്പർ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ ഇയാൾ ഭാര്യയും മകൾക്കുമൊപ്പം മണ്ണാർക്കാടുള്ള ലക്ഷ്വറി ഹോട്ടലിൽ താമസിക്കുന്നതായി കണ്ടെത്തി. തുടർന്ന് തിങ്കളാഴ്ച രാത്രി ഹോട്ടലിലെത്തിയ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ ടൗണിൽ നിന്ന് പരിചയപ്പെട്ട ബ്രോക്കറായ പള്ളിവാസൽ സ്വദേശി ആരോഗ്യസ്വാമിയെയും ഇയാൾ പറ്റിച്ചു. റിസോർട്ടും എസ്റ്റേറ്റും വിൽക്കുന്നതിന്റെ ഇടനിലക്കാരനായ ആരോഗ്യസ്വാമിയുടെ 15 പവൻ സ്വർണാഭരണങ്ങൾ ഇയാൾ വിൽപ്പിച്ച ശേഷമാണ് പണം തട്ടിയെടുത്തത്. പോതമേടുള്ള കൈവല്യം എസ്റ്റേറ്റും റിസോർട്ടും വാങ്ങാനെത്തിയ ആളാണെന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് രണ്ടു മാസത്തിലധികം റിസോർട്ടിൽ പണം നൽകാതെ താമസിച്ചു. അമേരിക്കയിലായിരുന്ന എസ്റ്റേറ്റ് ഉടമയെ എസ്റ്റേറ്റ് വാങ്ങാനെന്ന പേരിൽ ഇയാൾ വിളിച്ചു വരുത്തിയിരുന്നു. എറണാകുളത്ത് വച്ച് ഇടപാട് നടത്തുമ്പോൾ പണം മടക്കി നൽകാമെന്ന് പറഞ്ഞാണ് ആരോഗ്യസ്വാമിയുടെ സ്വർണം വിറ്റുകിട്ടിയ ആറു ലക്ഷത്തോളം രൂപയുമായി ഇയാൾ മുങ്ങിയത്. ഇതു സംബന്ധിച്ച് ആരോഗ്യ സ്വാമിയും വാടക നൽകാതെ മുങ്ങിയതിന് റിസോർട്ടുടമയും നവംബറിൽ മൂന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു. വാടകയ്ക്ക് എടുക്കുന്ന ബി.എം.ഡബ്ല്യു, ബെൻസ് തുടങ്ങിയ ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പ് സമയങ്ങളിൽ ശാന്തൻപാറ സ്വദേശിനിയായ ഭാര്യയും കുട്ടിയും കൂടെയുണ്ടാവും. പൊലീസ് അറസ്റ്റിലാകുമ്പോൾ ഇയാൾ താമസിച്ചിരുന്ന ഹോട്ടലിൽ കഴിഞ്ഞ രണ്ടു മാസമായി പണം നൽകാതെ ഇയാൾ കുടുംബവുമായി താമസിച്ചു വരികയായിരുന്നു. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജിന്റ നേതൃത്വത്തിൽ എസ്.എച്ച്.ഒ മഹേഷ് കെ. പൗലോസ്, പ്രിൻസിപ്പൽ എസ്.ഐ ഷാഹുൽ ഹമീദ്, എസ്.ഐ കെ.ഡി. ചന്ദ്രൻ, എസ്.സി.പി.ഒ വേണുഗോപാൽ പ്രഭു, സി.പി.ഒ ടോണി ചാക്കോ എന്നിവരടങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.