തൊടുപുഴ: ഇന്നലെ പുലർച്ചെ മൂന്നിന്കാളിയാർ പുഴ കരകവിഞ്ഞതിനെത്തുടർന്ന് പാറപ്പുഴ ഇല്ലിച്ചോട്ടിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഏതാനും മണിക്കൂറുകൾക്കകം വെള്ളം ഇറങ്ങിയതിനാൽ കാര്യമായ നാശനഷ്ടം ഉണ്ടായില്ല. വലേരിയിൽ ഫ്രാൻസി, വട്ടോലിൽ അമ്മിണി, വട്ടോലിൽ ഉദയൻ, സിജോ, ജോസ് ഇല്ലിച്ചോട്ടിൽ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. 2018 ലെ മഹാപ്രളയം മുതലാണ് ഇവിടെ വീടുകളിൽ വെള്ളം കയറി തുടങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. അന്ന് അൻപതോളം വീടുകൾ വെള്ളം കയറി പൂർണമായും മുങ്ങിയിരുന്നു. കാളിയാർ പുഴ മൂവാറ്റുപുഴയാറിലാണ് ചെന്ന് ചേരുന്നത്. മലങ്കര അണക്കെട്ടിലെ ഷട്ടറുകൾ കൂടുതൽ അളവിൽ തുറന്നാൽ മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ഉയരുകയും വെള്ളം സുഗമായി ഒഴുകാൻ കഴിയാതെ കാളിയാർ പുഴ കര കവിയുകയുമാണ് സംഭവിക്കുന്നത്. അടിയന്തിരമായി വെള്ളപൊക്ക ഭീഷണി നേരിടുന്ന കുടുംബങ്ങളെ പുനരധിവാസ ക്യാമ്പിലേയ്ക്ക് മാറ്റി താമസിപ്പിക്കാൻ തീരുമാനം എടുത്തെങ്കിലും വെള്ളം ഇറങ്ങിയതാനാൽ ശ്രമംഉപേക്ഷിക്കുകയായിരുന്നു.