തൊടുപുഴ: കാലവർഷം ശക്തിപ്രാപിക്കുമ്പോൾ മലയോര വാസികൾ ഭീതിയുടെ നിഴലിലായി. കാലവർഷം അവർക്ക് വലിയ കെടുതികളാണ് വരുത്തുന്നത്.കാർഷിക മേഖലയാണ് ജില്ലയുടെ പ്രധാന വരുമാന മാർഗം. പാറക്കെട്ടുകളും ചെരിവുകളുമുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്ത് ഉപജീവനം കണ്ടെത്തുന്ന കർഷകർക്ക് മഴശക്തിപ്പെടുമ്പോൾ പേടി സ്വപ്നമാണ്. മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും കൃഷികളടക്കം സർവ്വതും ഒറ്റ രാത്രി കൊണ്ട് ഇല്ലാതായവർ നിരവധിയാണ്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് വിവിധ കൃഷികൾ ചെയ്ത കർഷകരുടെ ഭൂമിയടക്കം ഉരുൾ വിഴുങ്ങിയും മലവെള്ള പാച്ചിലിൽ കുത്തിയൊലിച്ച് പോയതും നെടുവീർപ്പോടെ നോക്കി നിന്നവർ ഇപ്പോൾആശങ്കയിലാണ്. വീണ്ടും ജീവിതം കരുപിടിപ്പിക്കാൻ പുതു കൃഷികൾ നടത്തി വിളവ് പ്രതീക്ഷിച്ച് കാത്തിരിക്കുമ്പോഴാണ് കാലവർഷത്തിന്റെ വിളയാട്ടം. കനത്തും ശമിച്ചും ഇടതടവില്ലാതെ പെയ്യുന്ന മഴയ്ക്കൊപ്പം മലമ്പ്രദേശങ്ങളിൽ കാറ്റും ശക്തി പ്രാപിക്കുന്നുണ്ട്. ആഞ്ഞടിക്കുന്ന കാറ്റിൽ വൻമരങ്ങൾ കടപുഴകി വീഴുന്നതും ഭീഷണിയാണ്.

പെരിയാറിലും ജലവിധാനം ഉയരുന്നു

കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പെരിയാറിലും കൈവഴികളിലും ജലനിധാനം ഉയർന്നു. തോടുകളും നീർച്ചാലുകളും നിറഞ്ഞുകവിഞ്ഞു. പെരിയാർ തീരവാസികൾ ആശങ്കയിലാണ്. കലങ്ങിമറിഞ്ഞ് ഇരച്ചെത്തുന്ന വെള്ളം സ്ഥിര പ്രദേശങ്ങളിൽ താമസിക്കുന്നവർ ഭയശങ്കയിലാണ്. മലങ്കര ഡാം തുറന്നതോടെ തൊടുപുഴ ആറിലും ജലവിധാനം ഉയരുകയാണ്. കാളിയാർ, തൊമ്മൻകുത്ത് പുഴകളിലും ജലനിരപ്പ് ഉയർന്നു വരുന്നു.

വാഹനയാത്രയും ഭീതിജനകം

മലയോര മേഖലകളിലൂടെയുള്ള വാഹന യാത്ര ഭീതിപ്പെടുത്തുന്നതാണ്. മഴയിൽ കുതിർന്ന മൺതിട്ടകളുടെ മുകളിൽ കൂടിയാണ് ഹൈറേഞ്ച് പാതകൾ കടന്നു പോകുന്നത്. റോഡുകളുടെ താഴ് വശങ്ങൾ മിക്കതും വൻ ഗർത്തങ്ങൾ നിറഞ്ഞതാണ്. വാഹനങ്ങൾ റോഡിന്റെ വശങ്ങൾ ചേർന്ന് വീശിയെടുക്കുമ്പോൾ തിട്ടകൾ ഇടിഞ്ഞ് അപകടങ്ങളുണ്ടാകാൻ സാദ്ധ്യതയേറെയാണ്. കൊച്ചി- ധനുഷ് കോടി ദേശീയ പാതയിൽ റോഡിന്റെ വശങ്ങൾ ഇടിഞ്ഞ് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മൂടൽ മഞ്ഞ് മൂലം ദിശയറിയാതെ ഹൈറേഞ്ച് പാതകളിൽ മഴക്കാലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും വർദ്ധിക്കുന്നു.

ജനജീവിതം ദുസഹമാകുന്നു

തോരാമഴയിൽ ജനജീവിതം ദുരിത പൂർണ്ണമാകുന്നു. കൂലി പണിയെടുത്ത് ജീവിക്കുന്നവർക്കാണ് മഴ കൂടുതലും തിരിച്ചടിയാകുന്നത്. നിർമ്മാണ മേഖലയിലും മഴ തടസമാകുന്നു. ഒരോ ദിവസവും പല ജോലികൾ ചെയ്ത് അന്നന്നത്തെ അന്നം കണ്ടെത്തുന്നവരാണ് പ്രയാസത്തിലായത്. വ്യാപാര മേഖലയും മഴയെ തുടർന്ന് പ്രതിസന്ധിയിലാണ്. കർക്കടക കിഴിവുകളുമായി ഓണത്തിന് മുമ്പേ കച്ചവട സ്ഥാപനങ്ങൾ ഉണർവിലേക്ക് എത്തിക്കാൻ പരിശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് മഴ ശക്തമായത്.