idukki

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ആദ്യ ജാഗ്രതാ നിർദ്ദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. ഇന്നലെ രാവിലെ 10 മണിയോടെ ജലനിരപ്പ് 2375.53 അടിയിലെത്തിയതോടെയാണിത്. 2376 അടിയാണ് ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ജലനിരപ്പ്. പരമാവധി സംഭരണശേഷിയുടെ 70 ശതമാനമാണിത്. കഴിഞ്ഞവർഷം ഇതേ സമയത്തെക്കാൾ നാലരയടി വെള്ളം കൂടുതലുണ്ട്.

കേന്ദ്രജലകമ്മിഷൻ നിശ്ചയിച്ച നിലവിലെ റൂൾലെവൽ അനുസരിച്ച് 2381.53 അടിയിലെത്തിയാൽ ഓറഞ്ചും 2382.53 അടിയിലെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. ഇതിനുശേഷം ഡാം തുറക്കുന്ന നടപടികൾ ആരംഭിക്കും. 2383.53 അടിയാണ് അപ്പർ റൂൾ ലെവൽ. 2403 അടിയാണ് പരമാവധി സംഭരണശേഷി. ചെറുതോണി അണക്കെട്ടിൽ കെ.എസ്.ഇ.ബി കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.90 അടിയിലെത്തി. 2406 ഘനയടി ജലമാണ് സെക്കൻഡിൽ ഒഴുകിയെത്തുന്നത്. 1867 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.

ഉത്പാദനം കൂട്ടി കെ.എസ്.ഇ.ബി

ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കാൻ മൂലമറ്റം പവർഹൗസിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം കെ.എസ്.ഇ.ബി പരമാവധിയാക്കി. കഴിഞ്ഞ ദിവസം വരെ 13.33 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു ഉത്പാദിച്ചിരുന്നത്. ഇന്നലെ മുതൽ 17.447 ദശലക്ഷം യൂണിറ്റാക്കി വർദ്ധിപ്പിച്ചു. അടുത്ത കാലത്തെ റെക്കാഡ് ഉത്പാദനമാണിത്. വൈദ്യുതി ഉത്പാദിപ്പിച്ചശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് കൂടുതലായതിനാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് കൂടുന്നുണ്ട്. അതിനാൽ ഉത്പാദനം കുറയ്ക്കണമെന്ന് മന്ത്രിതല നിർദ്ദേശമുണ്ട്.