തൊടുപുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനമായ ഒമ്പതിന് കുമളിയിൽ നിന്ന് ആരംഭിച്ചു സ്വാതന്ത്ര്യദിനമായ 15ന് തൊടുപുഴയിൽ സമാപിക്കുന്ന ആസാദി കീ ഗൗരവ് പദയാത്ര നടത്തും. 15ന് രാവിലെ മുഴുവൻ നഗര, ഗ്രാമ പ്രദേശത്തും കോൺഗ്രസ് പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തും. അതത് പ്രദേശത്തെ ചരിത്ര സ്മാരകങ്ങൾക്ക് മുന്നിലും സ്വാതന്ത്ര്യസമര പോരാളികളുടെ വസതിയിലും സൈനിക ഭവനങ്ങളിലും കോൺഗ്രസ് പ്രവർത്തകർ അനുസ്മരണചടങ്ങ് സംഘടിപ്പിക്കും. സ്വാതന്ത്ര്യ സമരങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കും. പദയാത്ര തൊടുപുഴയിൽ എത്തിച്ചേരുമ്പോൾ അയ്യായിരം പേർ പങ്കാളികളാവും. വിവിധ ആവശ്യങ്ങളുന്നയിച്ച് പാർലമെന്റിന് മുന്നിലും പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലും തിരുവനന്തപുരം രാജ്ഭവന് മുന്നിലും നടക്കുന്ന സമരങ്ങളുടെ തുടർച്ചയായി തൊടുപുഴ ടെലിഫോൺ എക്സ്ചേഞ്ച് ഉപരോധിച്ച് ജയിൽ നിറയ്ക്കൽ സമരം നടത്തും. പദയാത്രയുടെ രൂപരേഖ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു യോഗത്തിൽ വിശദീകരിച്ചു. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം ഇ.എം. അഗസ്തി, മുൻ ഡി.സി.സി പ്രസിഡന്റുമാരായ റോയ് കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, നേതാക്കളായ എ.പി. ഉസ്മാൻ, എ.എം. ദേവസ്യ, എം.ഡി. അർജുനൻ, പി.എസ്. ചന്ദ്രശേഖരപിള്ള, ചാർളി ആന്റണി, ടി.ജെ. പീറ്റർ, ടോണി തോമസ് എന്നിവർ പ്രസംഗിച്ചു.