തൊടുപുഴ: അൽ- അസ്ഹർ മെഡിക്കൽ കോളേജിലെ മൂന്നാമത് എം.ബി.ബി.എസ് ബാച്ചിന്റെ ബിരുദദാന ചടങ്ങ് ആറിന് കോളേജ് ക്യാമ്പസിൽ നടക്കുമെന്ന് കോളേജ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ ചെയർമാൻ കെ.എം. മൂസ അദ്ധ്യക്ഷത വഹിക്കും. ഗ്രാമ വികസന വകുപ്പ് കമ്മിഷണറും തദ്ദേശ സ്വയം ഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനി, പ്രമുഖ ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 2014ൽ തുടക്കം കുറിച്ച ആദ്യ ബാച്ച് ഉൾപ്പെടെ 450 വിദ്യാർത്ഥികളാണ് അൽ- അസ്ഹർ മെഡിക്കൽ കോളേജിൽ നിന്ന് കോഴ്‌സ് പൂർത്തീകരിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നാക്കം നിൽക്കുന്ന ഇടുക്കി ജില്ലയിൽ എൽ.കെ.ജി മുതൽ എം.ബി.ബി.എസ് വരെ നിരവധി സ്ഥാപനങ്ങളിലായി 7,000 കുട്ടികളാണ് നിലവിൽ പഠനം നടത്തുന്നത്. വാർത്താസമ്മേളനത്തിൽ അൽ- അസ്ഹർ ഗ്രൂപ്പ് എം.ഡി അഡ്വ. കെ.എം. മിജാസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, വിദ്യാർത്ഥി പ്രതിനിധി ഡോ. എ. മുഹമ്മദ് അൽത്താഫ് എന്നിവർ പങ്കെടുത്തു.