മൂന്നാർ: മണ്ണിടിച്ചിൽ പോലുള്ള ദുരതന്തമുണ്ടായാൽ മണ്ണ് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ വേണ്ട ക്രമീകരണങ്ങൾ സജ്ജമാക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി അഡ്വ. എ. രാജ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശമുയർന്നത്. ദേവികുളം താലൂക്ക് പരിധിയിൽ ഇതുവരെ കാലവർഷക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങൾ, മണ്ണിടിച്ചിൽ, മരണം തുടങ്ങിയ കാര്യങ്ങൾ യോഗം വിലയിരുത്തി. ഓരോ പഞ്ചായത്തുകളിലും താലൂക്ക് പരിധിയിലാകെയും സ്വീകരിച്ചിട്ടുള്ള നടപടികളും ഇനി സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതൽ നടപടികളും യോഗം വിലയിരുത്തി. അടിയന്തിരഘട്ടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വന്നാൽ സജ്ജമാക്കേണ്ട സൗകര്യങ്ങൾ, മണ്ണിടിച്ചിൽ സാദ്ധ്യത നിലനിൽക്കുന്ന പ്രദേശങ്ങൾ, പഞ്ചായത്ത് തലത്തിലുള്ള ആർ.ആർ.ടികളുടെ പ്രവർത്തനം, ഇനിയും അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ, വിവിധ മേഖലകളിലെ മൊബൈൽ കവറേജ് പ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങൾ യോഗം വിലയിരുത്തി. ദേവികുളം ഗ്യാപ്പ് റോഡിന്റെ നിലവിലുള്ള സ്ഥിതിയും വിലയിരുത്തി. ദേവികുളത്ത് കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. 04865264231 എന്ന നമ്പരിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററും സജ്ജീകരിച്ചിട്ടുണ്ട്. യോഗത്തിൽ സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ, ദേവികുളം തഹസീൽദാർ യാസർഖാൻ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഫയർഫോഴ്‌സ്, പൊലീസ്, വനം, വൈദ്യുതി വകുപ്പ്, റവന്യൂ, ബി.എസ്.എൻ.എൽ തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധികൾ പങ്കെടുത്തു.