പീരുമേട്:തീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യാൻ വാഴൂർ സോമൻ എംഎൽഎയുടെ നേതൃത്വത്തിൽ അടിയന്തര ദുരന്ത നിവാരണ യോഗം പീരുമേട് താലൂക്ക് ഓഫീസിൽ ചേർന്നു. താലൂക്ക് പരിധിയിൽ ഇതുവരെ സംഭവിച്ച നാശനഷ്ടങ്ങൾ, മണ്ണിടിച്ചിൽ, മരണം,സ്വീകരിച്ച തുടർ നടപടികൾ തുടങ്ങിയ കാര്യങ്ങൾ യോഗം വിലയിരുത്തി.
ആരോഗ്യ മേഖലയിൽ കൂടുതൽ കരുതലുകൾ ഉണ്ടാകണം, ആംബുലൻസ് സേവനം കൃത്യതയോടെ നടക്കുന്നെന്ന് ഉറപ്പ് വരുത്തണം, ദുരിതാശ്വാസക്യാമ്പുകൾ സജ്ജമായിരിക്കണം. അടിയന്തിരഘട്ടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടതായി വന്നാൽ സജ്ജമാക്കേണ്ട സൗകര്യങ്ങൾ, മണ്ണിടിച്ചിൽ സാദ്ധ്യത നിലനിൽക്കുന്ന പ്രദേശങ്ങൾ, പഞ്ചായത്തുതലത്തിലുള്ള ആർ ആർ റ്റി കളുടെ പ്രവർത്തനം എന്നിവ കൃത്യമായി നടക്കുന്നെന്ന് ഉറപ്പുവരുത്തണം. അപകടാവസ്ഥയിലുള്ള ലയങ്ങളിൽ കഴിയുന്നവരെ മാറ്റി പാർപ്പിക്കാൻ അടിയന്തിര നടപടി കൈകൊള്ളാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
ഡാം തുറക്കുമ്പോൾ മുന്നറിയിപ്പ് നൽകി വള്ളക്കടവ് പ്രേദേശത്തുള്ളവരെ മാറ്റാൻ സൈറൺ സിസ്റ്റം സ്ഥാപിക്കാൻ വേണ്ട കാര്യങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യാൻ ഡെപ്യൂട്ടി കളക്ടർക്ക് നിർദേശം നൽകി.
താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ട്. മുല്ലപെരിയാറുമായി ബന്ധപെട്ട് മറ്റൊരു കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. ദുരന്ത നിവാരണത്തിനുള്ള വാഹനങ്ങൾ സജ്ജമാണ് ലയങ്ങളുടെ പരിശോധനകൾ നടന്നു വരികയാണ്. അടിയന്തിര ഘട്ടങ്ങളിൽ മാറ്റി പാർപ്പിക്കേണ്ടവരുടെ ലിസ്റ്റ് അതാത് വില്ലേജ് ഓഫിസർമാർ, പ്രസിഡന്റുമാർ, മെമ്പർമാർ എന്നിവരുടെ പക്കലുണ്ട്. റവന്യൂ വകുപ്പ് പൂർണ സജ്ജമാണെന്ന് ഭൂരേഘ തഹസിൽദാർ സുനിൽകുമാർ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ആശ ആന്റണി പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ് സാബു , ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെഇ , പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹൻ, കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിഎ ബാബുകുട്ടി , പൊലീസ് എസ്എച്ച്ഓമാർ, കെഎസ്ഇബി ഉദ്യോഗസ്ഥർ, ഫോറസ്റ്റ് , പി.ഡബ്ല്യു ഡി ഉദ്യോഗസ്ഥർ, പ്ലാന്റഷൻ ഇൻസ്‌പെക്ടർ, ഫയർ ആൻഡ് റെസ്‌യു, മെഡിക്കൽ ഓഫിസർ, പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.