തൊടുപുഴ: നാല് ദിവസമായി തുടരുന്ന ശക്തമായ മഴയ്ക്ക് നേരിയ കുറവുണ്ടെങ്കിലും കെടുതികളും ആശങ്കയും കുറയുന്നില്ല. വട്ടവടയിൽ ഒരേക്കറിലധികം വരുന്ന കൃഷിഭൂമി ഇടിഞ്ഞു താഴ്ന്ന് വിള്ളൽ രൂപപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ വട്ടവട സ്വദേശി സ്വാമിനാഥന്റെ കൃഷി സ്ഥലമാണ് ഇടിഞ്ഞത്. നാല് വീടുകൾ അപകടഭീഷണിയിലുമായി. ഓണം വിപണി ലക്ഷ്യമിട്ട് വിളവെടുപ്പിന് പാകമായ ബീൻസടക്കമുള്ള കൃഷി നശിച്ചു. ഉപ്പുതറ പണ്ടാരംപടി പാലം ചൊവ്വാഴ്ച പുലർച്ചെ തകർന്നു. പത്തേക്കർ- പൊരുകണ്ണി റോഡുമായി ബന്ധിപ്പിക്കുന്ന പാലം തകർന്നതോടെ 22 കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലായി. ഞായറാഴ്ച രാത്രിയിലുണ്ടായ കനത്തമഴയിൽ പാലത്തിന്റെ കരിങ്കൽ ഭിത്തി തകർന്നിരുന്നു. ചൊവ്വാഴ്ച പുലർച്ചയോടെ പാലം പൂർണ്ണമായും തകർന്ന് വീഴുകയായിരുന്നു. 2018ലെ പ്രളയത്തിൽ പാലത്തിന് സാരമായ തകരാർ സംഭവിച്ചിരുന്നു. കനത്ത മഴയിൽ കാളിയാർ പുഴ കരകവിഞ്ഞ് കോടിക്കുളം പഞ്ചായത്തിലെ നാല് വീടുകളിൽ ഇന്നലെയും വെള്ളം കയറി. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 42.2 മില്ലി മീറ്റർ മഴയാണ് പെയ്തത്. ഇടുക്കി താലൂക്കിലാണ് കൂടുതൽ മഴ ലഭിച്ചത്- 78 മില്ലി മീറ്റർ ഇന്നലെ ഉച്ചയോടെ റെഡ് അലർട്ട് പിൻവലിച്ചതിന് ശേഷം മഴയ്ക്ക് കുറവുണ്ട്. നിലവിൽ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്.

അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്

ജില്ലയിൽ കെ.എസ്.ഇ.ബിയുടെ കീഴിലുള്ള അഞ്ച് ഡാമുകളിൽ നിലവിൽ റെ‌ഡ് അലർട്ടാണ്.

പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കുണ്ടള എന്നീ അണക്കെട്ടുകളിലാണ് റെഡ് അലർട്ടുള്ളത്. ഇതിൽ ഇരട്ടയാർ ഒഴിച്ച് ബാക്കിയുള്ള ഡാമുകളുടെ ഷട്ടർ തുറന്ന് ജലമൊഴുക്കുന്നുണ്ട്. ഇടുക്കി അണക്കെട്ടിൽ ഇന്നലെ രാവിലെ 10 മണിയോടെ ജലനിരപ്പ് 2375.53 അടിയെത്തിയതോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴടി കൂടി ഉയർന്നാൽ ഡാം തുറക്കാനുള്ള നടപടികൾ ആരംഭിക്കും. ജലസേചന വകുപ്പിന് കീഴിലുള്ള മലങ്കര അണക്കെട്ടും നിലവിൽ തുറന്നിരിക്കുകയാണ്. ആനയിറങ്കൽ, മാട്ടുപ്പെട്ടി, ചെങ്കുളം ഡാമുകളിലെ ജലനിരപ്പ് ബ്ലൂ അലർട്ടിനടുത്താണ്.

മുല്ലപ്പെരിയാർ@134.9

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.90 അടിയിലെത്തി. 2406 ഘനയടി ജലമാണ് സെക്കൻഡിൽ ഒഴുകിയെത്തുന്നത്. 1867 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് 70 അടിക്ക് മുകളിലെത്തിയതോടെ ഷട്ടറുകൾ തുറന്നു. ഏഴ് ഷട്ടറുകൾ വഴി സെക്കന്റിൽ 1190 ഘനയടി വെള്ളമാണ് തുറന്ന് വിട്ടിരിക്കുന്നത്.

മഴയുടെ അളവ് (മില്ലി മീറ്ററിൽ)​

തൊടുപുഴ- 22.2

ഇടുക്കി- 78

ദേവികുളം- 34.2

പീരുമേട്- 32.5

ഉടുമ്പഞ്ചോല- 43.2

ശരാശരി- 42.2