
ഉപ്പുതറ: കനത്തമഴയിൽ ഉപ്പുതറ പണ്ടാരംപടി പാലം തകർന്നു. പത്തേക്കർ- പൊരുകണ്ണി റോഡുമായി ബന്ധിപ്പിക്കുന്ന പാലം തകർന്നതോടെ 22 കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലായി. ഞായറാഴ്ച രാത്രിയിലുണ്ടായ കനത്തമഴയിൽ പാലത്തിന്റെ കരിങ്കൽ ഭിത്തി തകർന്നിരുന്നു. ചൊവ്വാഴ്ച പുലർച്ചയോടെ പാലം പൂർണ്ണമായും തകർന്ന് വീഴുകയായിരുന്നു. 2018ലെ പ്രളയത്തിൽ പാലത്തിന് സാരമായ തകരാർ സംഭവിച്ചിരുന്നു. പാലം തകർന്നതോടെ പൊരികണ്ണി പുതുവൽ, ദാസൻ കട, ഒറ്റമരം 23 ഡിവിഷൻ, പത്തേക്കർ പുതുവൽ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് ഉപ്പുതറയിൽ എത്തുന്നതിന് രണ്ടര കിലോമീറ്ററോളം ദൂരം അധികം സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. നിലവിൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ താത്കാലിക പാലം നിർമ്മിച്ചിട്ടുണ്ട്. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ.ജെ, വില്ലേജ് ഓഫീസർ മോൻസി എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.