തൊടുപുഴ: ശക്തമായ മഴ പെയ്താൽ തൊമ്മൻകുത്ത് ചപ്പാത്ത് വെള്ളത്തിൽ മുങ്ങുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് ചപ്പാത്തിനു മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിയിരുന്നു. മനയത്തടം വനമേഖലയിൽ ഉണ്ടാകുന്ന ശക്തമായ മഴയെത്തുടർന്ന് പുഴ നിറഞ്ഞു കവിഞ്ഞൊഴുകുന്നതോടെയാണ് ചപ്പാത്ത് വെള്ളത്തിനടിയിലാകുന്നത്. തൊമ്മൻകുത്തിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏകമാർഗ്ഗം ഈ ചപ്പാത്താണ്. തൊടുപുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പുഴ കരകവിഞ്ഞൊഴുകുമ്പോൾ പുഴയുടെ സമീപത്ത് വന്ന ശേഷം തിരിച്ച് കരിമണ്ണൂർ, നെയ്യശേരി, കൊടുവേലി, കാളിയാർ,​ വണ്ണപ്പുറം വഴിയാണ് തൊമ്മൻകുത്തിൽ എത്തുന്നത്. ചിലപ്പോൾ മുങ്ങിയ ചപ്പാത്തിലൂടെ സാഹസികമായാണ് വാഹനങ്ങൾ അക്കരെയിക്കരെ കടക്കുന്നത്. വർഷങ്ങൾക്കു മുമ്പ് പുഴയിൽ തോണിയിലൂടെയായിരുന്നു അക്കരെയിക്കരെ വിദ്യാർത്ഥികളും ജനങ്ങളും യാത്ര ചെയ്തിരുന്നത്. വർഷങ്ങൾക്ക് മുമ്പുള്ള മഴക്കാലത്ത് പുഴയിൽ വെള്ളം പൊങ്ങിയപ്പോൾ യാത്രക്കാരും കുട്ടികളുമായി വന്ന വള്ളം കടവിലെത്താറായപ്പോൾ മുങ്ങുകയും പലരും ഒഴുക്കിൽപ്പെടുകയും ചെയ്തിരുന്നു. എല്ലാവരെയും സമീപവാസികൾ പുഴയിൽ ചാടി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. അന്ന് മുതൽ തൊമ്മൻകുത്ത് നിവാസികൾ ഇവിടെ ഒരു പാലത്തിനായി പല വാതിലുകളും മുട്ടിയെങ്കിലും അവസാനം ചപ്പാത്ത് നിർമിക്കാൻ തുക അനുവദിക്കുകയുമായിരുന്നു. എന്നാൽ ഈ ചപ്പാത്ത് എല്ലാ മഴക്കാലത്തും വെള്ളത്തിൽ മുങ്ങുന്നതോടെ ഇവിടെ പാലം ഉയർത്തി നിർമ്മിക്കാൻ പ്രദേശവാസികൾ ഒട്ടേറെ നിവേദനങ്ങൾ നൽകി. മഴക്കാലത്ത് തൊമ്മൻകുത്ത് വനത്തിൽ നിന്ന് ഒഴുകി വരുന്ന തടികളും മറ്റും ചപ്പാത്തിൽ ഇടിച്ച് കേടുപാടുകളും സംഭവിക്കാറുണ്ട്. വർഷകാലത്ത് ജനങ്ങളുടെ യാത്ര മുടങ്ങാതിരിക്കാൻ ഇവിടെ പാലം ഉയർത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ടെൻഡർ നടപടികൾ പൂർത്തിയായ നെയ്യശ്ശേരി തോക്കുമ്പൻ റോഡാണ് നാട്ടുകാരുടെ വലിയ പ്രതീക്ഷ.

തൊമ്മൻകുത്തിന് സമീപം ജീപ്പ് പുഴയിലേക്ക് മറിഞ്ഞു,​ യാത്രികർ രക്ഷപ്പെട്ടു

കനത്ത മഴയിൽ മുങ്ങിയ തൊമ്മൻകുത്തിന് സമീപം മണ്ണൂക്കാട് ചപ്പാത്തിൽ നിന്ന് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം. ജീപ്പിലുണ്ടായിരുന്ന മണിയാറൻകുടി പുതിയകുന്നേൽ ബിജു (45), ഭൂമിയാംകുളം ലിസി ഭവൻ നൗഷാദ് (36) എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം പുഴയിലേക്ക് പതിച്ചതോടെ ഒരാൾ നീന്തി രക്ഷപ്പെട്ടു. ജീപ്പിനു മുകളിൽ കയറി നിന്നയാളെ ഓടിയെത്തിയ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. പുഴയിലേക്ക് പതിച്ച ജീപ്പ് പിന്നീട് പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോയി. തടിയമ്പാട് നിന്ന് ആടുകളെയുമായി വന്ന വാഹനം തിരികെ പോകുന്നതിനിടെയാണ് പുഴയിൽ പതിച്ചത്. വിവരമറിഞ്ഞ് കരിമണ്ണൂർ പൊലീസും തൊടുപുഴയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. രണ്ടാൾ താഴ്ചയിലുള്ള വാഹനം ക്രെയിൻ ഉപയോഗിച്ച് പുഴയിൽ നിന്ന് ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ രാത്രി വൈകിയും തുടരുകയാണ്.