മൂലമറ്റം: കനത്ത മഴയെ തുടർന്ന് അറക്കുളത്ത് ചെളിക്കലിലും പതിപള്ളിയിൽ ചുവര പ്രദേശത്തും ഉരുൾ പൊട്ടി ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടം സംഭവിച്ചു. ചെളിക്കലിൽ വ്യാഴാഴ്ച്ച രാവിലെ 11 മണിയോടുകൂടിയും ചുവര ഭാഗത്ത് വ്യാഴാഴ്ച്ച ഉച്ചക്ക് 1.30 നുമാണ് ഉരുൾ പൊട്ടിയത്.ചെളിക്കൽ കവലക്ക് സമീപത്തുള്ള വട്ടപ്പാറ മോഹനന്റെ പുരയിടത്തിൽ നിന്നാണ് ഉരുൾപെട്ടിയത്.മോഹനനും കുടുബവും സ്ഥലത്ത് ഇല്ലായിരുന്നു.വട്ടപ്പാറ മോഹനൻ, വട്ടപ്പാറ ഉണ്ണി, പാത്തിക്കപ്പാറ ജോൺസൺ, പാറേകാട്ടിൽ രാജ,ഇലപ്പള്ളി സി.എസ്.ഐ.പള്ളി പുരയിടം,കട്ടിയ പുരക്കൽ പുരയിടം,മോടൻ പ്ലാക്കൽ ദിലീപ് എന്നിവരുടെ വീടുകളിലേക്കും പറമ്പിലേക്കും ഇരുൾ പൊട്ടിയ വെള്ളം ഇരച്ചെത്തി.ഇവരുടെ പറമ്പിലെ കപ്പ, വാഴ,കുരുമുളക് ചെടി,കൊക്കോ, റബ്ബർ,കാപ്പി,ഇഞ്ചി,മഞ്ഞൾ എന്നിങ്ങനെ കാർഷിക വിളകൾ ചുവടോടെ ഒലിച്ച് പോയി.വീടിനകത്ത് മുഴുവൻ ചെളിയും വെള്ളവുമാണ്. ഉരുൾ പൊട്ടിയത് ചെറിയ വലരി തോട്ടിലൂടെ ഒഴുകി ഇലപ്പള്ളി അമ്പലത്തിന് സമീപമുള്ള തോട്ടിൽ പതിച്ചതിനാൽ വൻ അപകടം ഒഴിവായതായി പ്രദേശവാസികൾ പറഞ്ഞു.ചുവര ഭാഗത്ത്‌ റോഡിനോട് ചേർന്നുള്ള 30 മീറ്റർ നീളത്തിലാണ് ഉരുൾ പൊട്ടിയത്. സുര്യ കുന്നേൽ ഗോപാലന്റെ വീടിന്റെ മുറ്റം ഇടിഞ്ഞു.റോഡിനോട് ചേർന്ന് 50 മീറ്റർ നീളത്തിൽ മണ്ണ് വീണ്ട് കീറിയ അവസ്ഥയിലാണ്.മണൽ പോലെ പശയില്ലാത്ത മണലായതു കൊണ്ട് മണ്ണിടിച്ചിൽ കൂടുതലാകുമെന്ന് പറയപ്പെടുന്നു.പുതിയതായി പണിത മേമുട്ടം റോഡ് അപകട ഭീഷണിയിലാണ്.ഇവിടെയും നിരവധി കർഷകരുടെ കാർഷിക വിളകൾ ഉരുൾ പൊട്ടലിൽ ഒഴുകിപ്പോയി.ചുറ്റിലുമുള്ള മഞ്ഞ് രക്ഷാ പ്രവർത്തനങ്ങൾക്ക് തടസമായി.റോഡിന്റെ അടി ഭാഗം വിണ്ട് കീറിയതിനാൽ താഴേക്ക് ഇറങ്ങി നോക്കാനും പറ്റാത്ത സ്ഥിതിയാണ്. പഞ്ചായത്തിന്റെയും ജലനിധിയുടേയും കുടി വെള്ള പൈപ്പുകളും തകർന്നിട്ടുണ്ട്.ആശ്രമം -ചേറാടി റോഡ് പുളിക്കൽ തോടിന് സമീപം രണ്ടായി മുറിഞ്ഞു. പഞ്ചായത്ത്‌, റവന്യു, ഫയർ ആന്റ് റെസ്ക്യു, പൊലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി വരുകയാണ്.