തൊടുപുഴ: സഹകരണമേഖലയെ ദുർബലപ്പെടുത്താനുള്ള ബോധപൂർവ നീക്കങ്ങൾക്കെതിരെ 10 മുതൽ 15 ദിവസം ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ജില്ലയിലെ സഹകരണസംഘം പ്രസിഡന്റുമാരുടെയും ജീവനക്കാരുടെയും സംയുക്തയോഗം തീരുമാനിച്ചതായി പ്രൈമറി കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ (പാക്‌സ്) ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യനും പ്രസിഡന്റ് കെ. ദീപക്കും വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളബാങ്ക് ഹാളിൽ ചേർന്ന സംയുക്തയോഗം ഡയറക്ടർ ബോർഡംഗം കെ.വി. ശശി ഉദ്ഘാടനം ചെയ്തു. കെ. ദീപക് അദ്ധ്യക്ഷനായി. ക്യാമ്പയിന്റെ ഭാഗമായി 10 മുതൽ ഭവനസന്ദർശനം നടത്തും. 23ന് കട്ടപ്പനയിൽ സഹകാരിസംഗമത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, എം.പി, എം.എൽ.എമാർ, പ്രമുഖ സഹകാരികൾ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിന്റെ വളർച്ചയ്ക്ക് നിർണായക സംഭാവന നൽകിയ സഹകരണമേഖലയെ തകർക്കാൻ സംഘപരിവാർ- കോർപ്പറേറ്റ് ശക്തികൾ ശ്രമിക്കുകയാണ്. ഒറ്റപ്പെട്ട സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകളുടെ പേരിൽ കേരളത്തിലാകെയുള്ള സഹകരണസ്ഥാപനങ്ങളെ തകർക്കാനാണ് ശ്രമം. ക്രമക്കേട് നടത്തിയവർക്കെതിരെ സർക്കാർ കർശനനടപടി സ്വീകരിച്ചിട്ടുണ്ട്. ആരുടെയും പണം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കി. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ സേവനം വിലമതിക്കാനാവാത്തതാണ്. രണ്ടരലക്ഷം കോടിയുടെ നിക്ഷേപവും അത്രത്തോളം വായ്പയുമുള്ളതാണ് സഹകരണപ്രസ്ഥാനം. പ്രതിസന്ധി ഘട്ടങ്ങളിൽ ഇവ കേരളത്തിന് നൽകിയ സംഭാവനകൾ വിസ്മരിക്കാവുന്നതല്ല. പ്രളയത്തിൽ വീട് നഷ്ടമായവർക്ക് കെയർ ഹോം പദ്ധതിയിലൂടെ 2,130 വീടുകൾ നൽകി. കൊവിഡ് പ്രതിരോധത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 266 കോടി രൂപ നൽകി. സൗജന്യഭക്ഷ്യകിറ്റ്, മരുന്ന്, മാസ്‌ക് എന്നിവ വീടുകളിലെത്തിച്ചും സൗജന്യ ആംബുലൻസ് സർവീസിലൂടെയും താങ്ങായി. സാമൂഹ്യക്ഷേമ പെൻഷൻ വീട്ടിലെത്തിച്ചും സബ്‌സിഡി ചന്തകൾ നടത്തിയുമുള്ള സേവനം ഇതിനുപുറമെയാണ്. ജനങ്ങൾക്ക് സഹകരണ പ്രസ്ഥാനത്തോടുള്ള വിശ്വാസം മൂലമാണ് നിക്ഷേപം അനുദിനം വർദ്ധിക്കുന്നത്. സഹകരണപ്രസ്ഥാനത്തിന്റെ വളർച്ച തടയാൻ വൻകിട കുത്തകകളും ഇവർ നിയന്ത്രിക്കുന്ന പുതുതലമുറ ബാങ്കുകളും സംഘപരിവാർ ശക്തികളുടെ പിന്തുണയോടെയാണ് നിക്ഷേപകർക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത്. സഹകരണമേഖലയെ സംരക്ഷിക്കാനുള്ള പേരാട്ടത്തിൽ പൊതുസമൂഹമാകെ അണിനിരക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. പാക്‌സ് വൈസ് പ്രസിഡന്റ് സാബു മണിമലക്കുന്നേൽ, എക്‌സിക്യൂട്ടീവംഗം ടോമി കാവാലം, കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ടി.സി. രാജശേഖരൻ നായർ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ജയചന്ദ്രൻ, കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന എക്‌സിക്യൂട്ടീവംഗം ബെന്നി മാത്യു, ജില്ലാ പ്രസിഡന്റ് ബിജു മാത്യു എന്നിവരും പങ്കെടുത്തു.