കട്ടപ്പന : കനത്ത മഴയിൽ ഉപ്പുതറ -പത്തേക്കർ -പൊരികണ്ണി റോഡിലെ പാലം തകർന്നു. യാത്രാമാർഗ്ഗമില്ലാതെ മുപ്പതോളം കുടുബങ്ങൾ ഒറ്റപ്പെട്ടു.കഴിഞ്ഞ ഞായറാഴ്ച പാലത്തിന്റെ സംരക്ഷണഭിത്തി തകരുകയും കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ പാലം പൂർണ്ണമായും തകർന്ന് വീഴുകയുമായിരുന്നു.നിരവധി പേർ നിത്യേന കടന്നുപോകുന്ന പാലമാണ് തകർന്നത്. പത്തേക്കർ ജംഗ്ഷന് സമീപത്താണ് പാലം സ്ഥിതി ചെയ്തിരുന്നത്.പാലം തകർന്നതോടെ തോട് കുറുകെ കടക്കാൻ കഴിയാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്.കുട്ടികളെ കൂടാതെ നിരവധി രോഗികളും ഇവിടെയുണ്ട്. ഇവരെ ആശുപത്രിയിലെത്തിക്കാൻ മറ്റ് മാർഗ്ഗവുമില്ല.10 വർഷം മുൻപാണ് ഉപ്പുതറ പഞ്ചായത്ത് പാലം നിർമ്മിച്ചത്.അടിയന്തിരമായി പാലം നിർമ്മിച്ചില്ലങ്കിൽ 30കുട്ടികളുടെ വിദ്യാഭ്യാസമടക്കം പ്രതിസന്ധിയിലാകും.