കട്ടപ്പന: വടക്കൻ കേരളത്തിന്റെ അതിർത്തി കടന്നെത്തിയിരുന്ന കുഴൽപ്പണ സംഘങ്ങൾ ഇപ്പോൾ ഇടുക്കി വഴിയും പണവും സ്വർണവും കടത്തുന്നത് സജീവമായി .മലബാർ മേഖലകളിൽ പരിശോധന കർശനമാക്കിയതാണ് ഇത്തരം സംഘങ്ങൾ ഇടുക്കി തമിഴ്‌നാട് അതിർത്തി തിരഞ്ഞെടുക്കുവാൻ കാരണമെന്നാണ് കരുതുന്നത്. ഇന്നലെ പിടിയിലായ രണ്ടംഗ സംഘം വൻകിട ലോബികൾക്ക് വേണ്ടി ഈ മാസം ആദ്യം ഒരു തവണ പണം കടത്തിയതായി വിവരം ലഭിച്ചു. കാറിൽ രഹസ്യ അറയുണ്ടാക്കി 1.02 കോടി രൂപയുടെ കുഴൽപ്പണം കടത്തിയ കേസിൽ . മലപ്പുറം, ഊരകം സ്വദേശി പ്രതീഷ് (40), മൂവാറ്റുപുഴ മൂലയിൽ ഷബീർ (57) എന്നിവരാണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. ബോഡിമെട്ട്, കമ്പമെട്ട് വഴികളാണ് ഇപ്പോൾ കുഴൽപ്പണ സംഘങ്ങൾ കൂടുതലായും തിരഞ്ഞെടുക്കുന്നത്.പ്രതിഫലം വാങ്ങി കൃത്യ സമയത്ത് വാഹനമെത്തിക്കുകയെന്ന ദൗത്യമാണ് പിടിയിലായ പ്രതീഷിനും,ഷബീറിനുമുള്ളത്.വാഹനത്തിൽ സ്വർണ്ണമാണോ അല്ലെങ്കിൽ പണമാണോ, എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നൊന്നും ഇവർക്ക് അറിയില്ല എന്നതാണ് വസ്തുത.
രഹസ്യ അറ കണ്ടെത്തി,
കോടികളും
ജില്ലയിലെ തന്നെ ഏറ്റവുംവലിയ കുഴൽപ്പണ വേട്ടയക്ക് കാരണമായത് പൊലീസിന്റെ നിശ്ചയദാർഢ്യം.ബുധനാഴ്ച രാത്രിയിലാണ് ഡിവൈ.എസ്.പി നിഷാദ്‌മോന് ഫോണിൽ രഹസ്യ വിവരമെത്തിയത്.വിശ്വസനീയമായ വിവരമായതിനാൽ വാഹന പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് 1.02 കോടിയുടെ കുഴൽപ്പണം പിടിച്ചെടുക്കാനായത്.
രാവിലെ തന്നെ പ്രത്യേക സ്‌ക്വാഡ് പുളിയൻമല ഹിൽടോപ്പിൽ ഹെയർപിൻ വളവിൽ മണിക്കൂറുകൾ കാത്ത് നിന്നാണ് കാർ പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാർ അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.എന്നാൽ ലഭിച്ചവിവരത്തിന്റെ വിശ്വാസ്യത കണക്കിലെടുത്ത് വാഹനം കാർ വാഷ് സ്ഥാപനത്തിൽ എത്തിച്ച് റാമ്പിൽ കയറ്റി ഉയർത്തി പരിശോധിച്ചപ്പോഴാണ് പ്ലാറ്റ്‌ഫോമിൽ വ്യത്യാസം കണ്ടെത്തിയത്.സീറ്റിനടിയിൽ ചെറിയൊരു താക്കോൽ ദ്വാരം മാത്രമാണ് ആദ്യം കണ്ടെത്തിയത്.തുടർന്ന് മെറ്റൽ കട്ടർ ഉപയോഗിച്ച് ഈ ഭാഗം അറുത്ത് മാറ്റിയപ്പോഴാണ് പണം കണ്ടെത്തിയത്.അഞ്ഞൂറിന്റെയും ഏതാനും രണ്ടായിരത്തിന്റെയും നോട്ടുകളാണ് ഒളിപ്പിച്ചിരുന്നത്.