നെടുങ്കണ്ടം : കേരള -തമിഴ്‌നാട് അതിർത്തി മേഖലയിലെ കനത്ത മഴ. ഉടുമ്പൻചോല താലൂക്ക് ഓഫിസിൽ അടിയന്തര യോഗംചേർന്നു 69 ദുരിതാശ്വാസ ക്യാംപുകൾ സജ്ജമായതായി അധികൃതർ അറിയിച്ചു. യോഗത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കാത്തതിനെതിരെ എം.എം.മണിഎംഎൽഎയുടെ വിമർശനം. വനംവകുപ്പുമായി ബന്ധപ്പെട്ട അപകടവസ്ഥയിലുള്ള മരംമുറിക്കൽ, മഴക്കാലത്തെ വന്യമൃഗ ശല്യം എന്നീ വിഷയങ്ങൾ ഉയർന്നപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇല്ലാതെ വന്നതാണ് വിമർശനത്തിന് കാരണമായത്. എം.എം.മണി എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്തംഗം വി.എൻമോഹനൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, റവന്യു, പൊലീസ്, പൊതുമരാമത്ത്വകുപ്പ്, മോട്ടർ വാഹന വകുപ്പ്, ലേബർ ഓഫിസ്, പ്ലാന്റേഷൻ ഓഫിസ്, ഡാം സേഫ്ടി വിഭാഗം ഉദ്യോഗസ്ഥർ പങ്കെടുത്തു . പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗം ചേർന്ന് അടിയന്തര നടപടി സ്വീകരിക്കാനും മാറ്റി പാർപ്പിക്കേണ്ട പട്ടികയിലുള്ളവർക്കായി ദുരിതാശ്വാസ ക്യാംപുകൾ തുറക്കാനും യോഗം തീരുമാനിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ ഏല ത്തോട്ടം ജോലികൾ നിർത്തിവെക്കാനും ഗ്യാപ് റോഡിലെ രാത്രി കാല ഗതാഗതം നിരോധിക്കാനും ഭീഷണി സൃഷ്ടിക്കുന്ന വൻ മരങ്ങൾ ദുരന്തനിവാരണ നിയമപ്രകാരം മുറിക്കാനുള്ള തുടർ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകാനും യോഗത്തിൽ തീരുമാനമായി.