മുട്ടം: ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡിലൂടെ ഗതാഗതം തടഞ്ഞ് ഗേറ്റ് സ്ഥാപിച്ചത് നാട്ടുകാർ പൊളിച്ചു മാറ്റി.മുട്ടം പഞ്ചായത്ത്‌ പ്രദേശത്ത് പച്ചിലാംകുന്നിൽ നിന്ന് കൊല്ലംകുന്നിലേക്കുള്ള റോഡിലാണ് ചില സ്വകാര്യ വ്യക്തികൾ ചേർന്ന് ഗേറ്റ് സ്ഥാപിച്ച് സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞത്.ബുധനാഴ്ച്ച രാവിലെയാണ് റോഡിന് കുറുകെയായി ഗേറ്റ് സ്ഥാപിച്ചത് പ്രദേശവാസികൾ കാണുന്നത്.ഈ ഗേറ്റാണ് പ്രദേശവാസികൾ സംഘടിച്ച് പൊളിച്ച് മാറ്റിയത്. കേന്ദ്ര സർക്കാരിന്റെ പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 98.73 ലക്ഷം രൂപ മുടക്കി 2016ൽ ടാറിംഗ് പൂർത്തീകരിച്ച റോഡിന്റെ കുറുകെയാണ് സ്വകാര്യ റോഡാണെന്ന് അവകാശപ്പെട്ട് ചിലർ ഗേറ്റ് സ്ഥാപിച്ചത്.സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് ഗേറ്റ് സ്ഥാപിച്ചത് സംബന്ധിച്ച് തൊടുപുഴ തഹസീൽ ദാറിനെ പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് മുട്ടം വില്ലേജ് ഓഫീസർ സംഭവ സ്ഥലത്ത് എത്തിയിരുന്നു.ഗേറ്റ് പൊളിച്ച അവസ്ഥയാണ് കണ്ടത്, ഇത്‌ സംബന്ധിച്ചുള്ള റിപ്പോർട്ട് ഇന്ന് തഹസീൽദാർക്ക് കൈമാറുമെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.