ഇടുക്കി: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന ജില്ലയിൽ ഇന്നലെ വ്യാപകമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. മൂലമറ്റം ഇലപ്പള്ളി, പതിപ്പള്ളിയ്ക്ക് സമീപം ചുവര, മലയിഞ്ചി, ഉപ്പുകുന്ന്, വാൽപ്പാറ എന്നിവിടങ്ങളിൽ ഉരുൾപ്പൊട്ടലുണ്ടായി ഏക്കറുകണക്കിന് കൃഷി നശിച്ചു. ആളപായമില്ല. അടിമാലി- കുമളി ദേശീയ പാതയിൽ കല്ലാർകുട്ടിക്കും പനംകുട്ടിക്കും ഇടയിൽ വെള്ളകുത്തിന് സമീപം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. പീരുമേട് കല്ലാറിൽ രണ്ട് വീടുകൾ പൂർണമായും ഒന്ന് ഭാഗികമായും തകർന്നു. അഴുതയാർ, പാമ്പനാർ ഉൾപ്പെടെയുള്ള പുഴകൾ കരകവിഞ്ഞു. പീരുമേട് ആറ്റോരം ഭാഗത്ത് അഴുതയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് 30 വീടുകളിൽ വെള്ളം കയറി. ദേവിയാർ പുഴ കരകവിഞ്ഞ് അടിമാലി മൂകാംബിക നഗർ ഭാഗത്തെ വീടുകളിൽ വെള്ളം കയറി. കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ ചാക്കോച്ചി വളവിന് സമീപം റോഡിന്റെ വശമിടിഞ്ഞു. നിലവിൽ ഇതുവഴി ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. തൊടുപുഴയാർ കരകവിഞ്ഞു തൊടുപുഴ സെൻട്രൽ ജുമാ മസ്ജിദിൽ വെള്ളം കയറി. ബുധനാഴ്ച ഉച്ചയോടെ കുറഞ്ഞമഴ രാത്രിയോടെ ശക്തി പ്രാപിക്കുകയായിരുന്നു. ഇന്നലെ പീരുമേട് താലൂക്കിൽ തീവ്രമഴയാണ് ലഭിച്ചത് 140 മില്ലി മീറ്റർ. മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകളിലൂടെയും പരമാവധി 120 സെന്റി മീറ്റർ വീതം ജലം പുറന്തള്ളുന്നത് തൊടുപുഴയാറിൽ ജലനിരപ്പ് അപകടരമാംവിധം വർദ്ധിപ്പിച്ചിട്ടുണ്ട്. പുഴയിൽ നിലവിൽ മഞ്ഞ അലർട്ടാണ്. മലങ്കരയിൽ നിന്ന് പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

ക്യാമ്പുകളിൽ 176 പേർ

പീരുമേട്, ഇടുക്കി, തൊടുപുഴ താലൂക്കുകളിലായി ഒമ്പത് ക്യാമ്പുകൾ ജില്ലയിൽ തുറന്നിട്ടുണ്ട്. 64 കുടുംബങ്ങളിലായി 176 പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഇതുവരെ ജില്ലയിൽ ആറ് പേരാണ് കാലവർഷക്കെടുതിയെ തുടർന്ന് മരിച്ചത്.

മുല്ലപ്പെരിയാർ തുറക്കുന്നു

നീരൊഴുക്ക് ശക്തമായി തുടരുകയാണെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ 10ന് തുറന്നേക്കുമെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. ആദ്യ മുന്നറിയിപ്പ് കേരളത്തിന് നൽകിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ്. ഒറ്റ ദിവസം കൊണ്ട് മൂന്നടിയോളമാണ് ഡാമിൽ ജലനിരപ്പ് ഉയർന്നത്. 2378.8 അടിയാണ് നിലവിലെ ജലനിരപ്പ്. ആകെ സംഭരശേഷിയുടെ 72 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരശേഷി. നിലവിൽ ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടരയടി കൂടി ഉയർന്ന് 2381.53 അടിയെത്തിയാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. 2382.53 അടിയെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഡാമിന്റെ ഷട്ടറുകൾ തുറക്കാനുള്ള നടപടികൾ ആരംഭിക്കും. വൃഷ്ടിപ്രദേശത്ത് ഇന്നലെ 68.4 മില്ലി മീറ്റർ മഴയാണ് പെയ്തത്. സ്ഥിതിഗതികൾ വിലയിരുത്താൻ ഇടുക്കി ഡാമിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9496011994. കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്നലെ വൈകിട്ട് തുറന്ന് 10 സെന്റി മീറ്റർ വീതം 10 ക്യുമെക്സ് വരെ ജലം ഒഴുക്കുന്നുണ്ട്. നിലവിൽ മലങ്കര, പൊന്മുടി, ലോവർപെരിയാർ, കല്ലാർകുട്ടി, കുണ്ടള അണക്കെട്ടുകൾ നിലവിൽ തുറന്നിരിക്കുകയാണ്.

മഴയുടെ അളവ് (മില്ലി മീറ്ററിൽ)

ഇടുക്കി- 68.4

തൊടുപുഴ- 57

ദേവികുളം- 76.2

ഉടുമ്പഞ്ചോല- 30.2

പീരുമേട്- 140

ശരാശരി- 74.36

നിയന്ത്രണങ്ങൾ തുടരും

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ നേരത്തേ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാൻ കളക്ടർ ഷീബ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വകുപ്പ് മേധാവികളുടെ ഓൺലൈൻ അവലോകന യോഗത്തിൽ തീരുമാനിച്ചു. അപകട സാധ്യതയുള്ള മേഖലകളെ കണ്ടെത്താനും മാറ്റിപ്പാർപ്പിക്കേണ്ടി വരുന്നവരെ ഉടനെ മാറ്റാനും കളക്ടർ നിർദേശിച്ചു. രാത്രിയാത്രാ നിരോധനം തുടരണം. വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കരുത്. വെള്ളച്ചാട്ടത്തിന് സമീപം നിന്ന് സെൽഫി എടുക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടി എടുക്കുമെന്നും കളക്ടർ പറഞ്ഞു.
ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുകയാണ്. ഡാം സുരക്ഷാ ഉദ്യോഗസ്ഥർ ജാഗ്രത തുടരുന്നുണ്ട്. കെ. എസ്. ഇ ബി കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മലങ്കര, കുണ്ടള, ലോവർ പെരിയാർ, പൊന്മുടി, കല്ലാർ കുട്ടി ഡാമുകളാണ് നിലവിൽ തുറന്നിട്ടുള്ളത്.