തൊടുപുഴ: മാനം കറുത്താൽ മലനാട്ടുകാരുടെ ഉള്ള് പിടയും. പിന്നെ ആശങ്കയുടെ ദിനങ്ങളാണ്. കാർമേഘങ്ങൾ ഇരുണ്ട് മൂടികെട്ടിയ അന്തരീക്ഷം മലയോര ജനതയെ വല്ലാതെ ഭയപ്പെടുത്തും.കാലവർഷം പെയ്തിറങ്ങിയപ്പോെഴേല്ലാം അവർക്ക് തീരാവേദനകളാണ് സമ്മാനിച്ചത് എന്നത്തന്നെ അതിന് കാരണം. മഴക്കാലങ്ങളിൽ ജില്ല കടന്നു പോകുന്നത് ഓരോ ദുരന്തങ്ങളുടെ വാർത്തയിലൂടെയാണ്. കേരളത്തെ കണ്ണീരിലാഴ്ത്തിയ നിരവധി ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഇവിടെയുണ്ടയിട്ടുണ്ട്. എത്ര വർഷം കഴിഞ്ഞാലും ഉറ്റവരെ നഷ്ടമായ ദുരന്തങ്ങളുടെ ഓർമ്മകൾ മഴക്കാലങ്ങളിൽ അവരുടെ മനസിലേക്ക് ഓടിയെത്തും. പഴമ്പിള്ളിച്ചാൽ ,മൂന്നാർ, പെട്ടിമുടി, ബൈസൺവാലി, മൂലമറ്റം, കാളിയാർ നെടുങ്കണ്ടം, തൊടുപുഴ വെണ്ണിയാനി ,മുള്ളരിങ്ങാട് ,കൊക്കയാർ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. കൂടാതെ വെള്ളച്ചാട്ടങ്ങളിൽ വീണും പുഴകളിൽ മുങ്ങി മരിക്കുന്നതും ഒഴുക്കിൽപ്പെട്ട് ദുരന്തങ്ങൾ ഉണ്ടാകുന്നതും ഏറുന്നു. മരങ്ങൾ കടപുഴകിവിണ് അപകടങ്ങളുണ്ടാകുന്നതും വർദ്ധിക്കുന്നു. തൊട്ടം മേഖലകളിലാണ് മഴയോടുകൂടിയ ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണ് ദുരന്തങ്ങൾ കൂടുതലുമുണ്ടാകുന്നത്. വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങൾ ഓടിഞ്ഞു വീണ് അപകടമുണ്ടാകുന്നുണ്ട്. മഴ ക്കാലം തുടങ്ങിയാൽ പെരിയാർ തീരവാസികളുടെ ഉറക്കം കെടുത്തും. നിരവധി അണക്കെട്ടുകളാണ് പെരിയാറിൽ സ്ഥിതി ചെയ്യുന്നത്. അണക്കെട്ടുകൾ തുറന്ന കഴിഞ്ഞ പ്രളയത്തിൽ തീരവാസികൾക്കുണ്ടായ ദുരിതത്തിൻെറയും നഷ്ടത്തിൻെറയും ഓർമ്മകളും പേറിയാണ് അവർ കഴിയുന്നത്. മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ തീരവാസികൾ ആശങ്കയിലും അതിവ ജാഗ്രതയിലുമാണ്

മഴയുടെ ഭാവം മാറുന്നു

മലയോര മേഖലകളിൽ മുൻ കാലവർഷങ്ങളെ അപേക്ഷിച്ച് മഴയുടെ ഭാവം മാറുകയാണ്. തെളിഞ്ഞ അന്തരീക്ഷത്തിലേക്ക് എത്തുമ്പോൾ തന്നെ പെടുന്നനെ മഴ വീണ്ടും ഇരമ്പിയേത്തുന്നു. കാല വർഷത്തിൽ സാധാരണ ചന്നം പിന്നം പെയ്തിരുന്ന മഴയുടെ സ്വാഭവം പിടികിട്ടാതെ മാറുകയാണ്. ശമിച്ചും , ശക്തി പ്രവിച്ചും മൂളിച്ചയോടെ കാറ്റിനൊപ്പം മഴകനത്തു പെയ്യുന്ന സ്ഥിതിയുണ്ട്. നൂൽ മഴയായും പെട്ടെന്ന് മഴ തോർന്ന് മണിക്കൂറോളം മാറി നിൽക്കുകയും ചെയ്തിരുന്ന കാല വർഷവും ഓർമ്മയാവുകയാണ്.

മഴകൂടുതൽ

ഇടുക്കിയിൽ

മഴയ്ക്ക് ഇന്നലെ തെല്ല് ശമനമുണ്ടായി. ഹൈറേഞ്ചിലും, ലോറേഞ്ചിലും ഇടവിട്ട് കനത്തും ശമിച്ചുമാണ് മഴ പെയ്തത്. ജില്ലയിൽ ഇന്നലെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ഇടുക്കി താലൂക്കിലാണ്. 157.2 മില്ലിമിറ്റർ മഴയാണ് പെയ്തത്. കുറവ് ഉടുമ്പൻ ചോല താലൂക്കിലാണ്. 38 മില്ലിമീറ്റർ. തൊടുപുഴ താലൂക്കിൽ 38.2, പീരുമേട്ടിൽ 113.4, ദേവികുളത്ത് 146.4 മില്ലി മീറ്റർ മഴരേഖപ്പെടുത്തി.ജില്ലയിലാകെ ശരാശരി 98.64 മില്ലിലിറ്റർ മഴപെയ്തു.