മുട്ടം: മുട്ടം എഞ്ചിനീയറിംഗ് കോളേജിന് സമീപം റോഡരുകിൽ മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നു.ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങളും ഹോട്ടൽ മാലിന്യങ്ങളുമാണ് ചാക്കിലും പ്ലാസ്റ്റിക്ക് കൂടുകളിലുമായി വ്യാപകമായി തള്ളിയിരിക്കുന്നത്.പുഴുക്കൾ നിറഞ്ഞ് അസഹ്യമായ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ തെരുവ് നായ്ക്കൾ റോഡിലൂടേയും ചുറ്റ് പ്രദേശങ്ങളിലൂടേയും വലിച്ചിഴക്കുന്നുമുണ്ട്.ഇവിടെയുള്ള പുഴുക്കൾ നിറഞ്ഞ അഴുകിയ മാലിന്യങ്ങൾ സമീപത്തുള്ള നീർത്തടങ്ങളിലേക്കാണ് മഴവെള്ളത്തിൽ ഒഴുകിയെത്തുന്നത്. പഞ്ചായത്തും ആരോഗ്യ വകുപ്പും ഉൾപ്പടെയുള്ള സംവിധനങ്ങൾ മഴക്കാല രോഗങ്ങളും പകർച്ച വ്യാധികളും നിർമ്മാർജ്ജനം ചെയുന്നതിനുള്ള കർമ്മ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രവർത്തികളുണ്ടാകുന്നത്.പെരുമറ്റം, മലങ്കര കനാൽ ഭാഗം,തുടങ്ങനാട്,ചള്ളാവയൽ,വള്ളിപ്പാറ,ശങ്കരപ്പള്ളി,മലങ്കര അണക്കെട്ടിലെ വൃഷ്ടി പ്രദേശത്തെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു.ആലുവ,പൊൻകുന്നം, ഈരറ്റ്പേട്ട എന്നിങ്ങനെ പ്രദേശങ്ങളിൽ നിന്ന് രാത്രി കാലങ്ങളിൽ ശൗചാലയ മാലിന്യങ്ങൾ ഉൾപ്പടെ ഇവിടങ്ങളിൽ തള്ളുന്നത് നിത്യ സംഭവങ്ങളായിരുന്നു.ഇതേ തുടർന്ന് മുട്ടം പഞ്ചായത്തിന്റേയും പൊലീസ് അധികൃതരുടേയും നേതൃത്വത്തിൽ രാത്രിയിലും പുലർച്ചെ സമയങ്ങളിലും മുട്ടം വഴി കടന്ന് പോകുന്ന വാഹനങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു.വാഹനങ്ങൾ പരിശോധിക്കാൻ മഫ്തി പൊലീസിനേയും നിയോഗിച്ചിരുന്നു. തുടർന്ന് മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്തുകയും പിഴ,കോടതി കേസ് എന്നിങ്ങനെ നടപടികൾ സ്വീകരിക്കുകയും ചെയ്തു.ഇതെ തുടർന്ന് ഏതാനും മാസങ്ങൾ മാലിന്യങ്ങൾ റോഡരുകിൽ തള്ളുന്നതിന് കുറവ് വന്നെങ്കിലും ഇതെല്ലാം വീണ്ടും ആവർത്തിക്കുകയാണ്.അടുത്ത നാളിലും റോഡരുകിൽ മാലിന്യം തള്ളിയവരെ മുട്ടം പഞ്ചായത്ത്‌ അധികൃതർ പിടി കൂടി പിഴ അടപ്പിച്ചിരുന്നു.