ഇടുക്കി: സ്വാതന്ത്ര്യത്തിന്റെ 75 വാർഷിക ആഘോഷത്തോടനുബന്ധിച്ച്
ദേശീയ പതാകയ്ക്ക് ആദരവു നൽകുന്നതിനോടൊപ്പം പൗരൻമാർക്കു ദേശീയ പതാകയോടു വൈകാരിക ബന്ധം വളർത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിനു പ്രചോദനം നൽകുന്നതിനുമായി നടപ്പിലാക്കുന്ന ''ഹർ ഘർ തിരംഗ'' പദ്ധതിയുടെ ഭാഗമായി വീടുകളിൽ ഉയർത്താൻ ഇടുക്കി ജില്ലയിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ 1,22,407 ദേശീയ പതാകകൾ ഒരുങ്ങുന്നു.ജില്ലയിലെപഞ്ചായത്തുകളിൽ നിന്നും മുൻസിപ്പാലിറ്റികളിൽ നിന്നും ലഭിച്ച ഓർഡർ അനുസരിച്ചാണ് പതാക തയ്യാറാക്കുന്നത്. 13 മുതൽ 15 വരെ ജില്ലയിലെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ഈ പതാകകൾ പാറിപ്പറക്കും. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണു പതാക നിർമാണം. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർക്കും ജില്ലാ പ്രോഗ്രാം മാനേജർക്കുമാണ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതല. 1പത്താം തിയതിക്കുള്ളിൽ എല്ലാ പഞ്ചായത്തുകളിലും പതാക വിതരണം ചെയ്യും.
അക്ഷയ ഗാർമെന്റ്‌സ് മാങ്കുളം, ഗ്രേസ് ആൻഡ് പരസ്പരം ടൈലറിങ് യൂണിറ്റ് മറയൂർ, ആമി ടൈലറിങ് കുമളി, കീർത്തന വണ്ടിപ്പെരിയാർ, ഗൗരി ശങ്കര കുമളി, ഒരുമ വാത്തികുടി, ചിഞ്ചുസ് ടൈലറിംഗ് തടിയമ്പാട്, ദശമി കൊക്കയാർ, അലങ്കാർ ടൈലറിങ് യൂണിറ്റ് അടിമാലി, സ്‌നേഹ ടൈലറിങ് യൂണിറ്റ് അടിമാലി എന്നീ യൂണിറ്റുകൾ പതാക നിർമ്മിക്കും. 28 രൂപയാണ് ഒരു പതാകയ്ക്ക് പഞ്ചായത്തിൽ/ മുനിസിപ്പാലിറ്റിയിൽ നിന്നും ലഭിക്കുന്നത്. ഗതാഗത ചെലവ് ഉൾപ്പെടെ ഏകദേശം 22 രൂപയാണ് ഒരു പതാകയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
ദേശീയ പതാക നിർമ്മാണത്തിന് നേതൃത്വം നൽകുന്ന കുടുംബശ്രീ വിവിധ യൂണിറ്റുകളിലൂടെ 23 ലക്ഷത്തിലധികം പതാകകളാണ് കേരളമൊട്ടാകെ നിർമ്മിച്ച് വിതരണം ചെയ്യുന്നത്.