കട്ടപ്പന :സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുൻഭാഗത്തേയ്ക്ക് മരം കടപുഴകി വീണു.അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു.പുറ്റടിയ്ക്ക് സമീപം ശംഖുരുണ്ടാൻ പാറയിൽ ഇന്നലെ രാവിലെ 10. 25 നാണ് സംഭവം. കുമളിയിൽ നിന്ന് കട്ടപ്പനയ്ക്ക് വരികയായിരുന്നു ബസ് പൊടുന്നനെ റോഡരികിൽ നിന്നിരുന്ന ശീമമുരിക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു.ഡ്രൈവർ വാഹനം പെട്ടെന്ന് വെട്ടിച്ചുമാറ്റിയതിനാൽ തടി വാഹനത്തിൽ വീണില്ല. ശിഖരങ്ങൾ അടിച്ചാണ് ചില്ല് തകർന്നത്.നാൽപതോളം യാത്രക്കാർ അപകട സമയത്ത് ബസിൽ ഉണ്ടായിരുന്നു.
• ഉണങ്ങിയ മരം ഒടിഞ്ഞു വീണ് സ്ത്രീയ്ക്ക് പരിക്ക്
കട്ടപ്പന :ഏലതോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തൊഴിലാളി സ്ത്രീയുടെ ദേഹത്തേയ്ക്ക് ഉണങ്ങിയ മരം ഒടിഞ്ഞു വീണു.സ്വരാജ് മറ്റപ്പള്ളിൽ തടത്തിൽ സുകുമാരന്റെ ഭാര്യ രാജേശ്വരിക്കാണ് പരിക്കേറ്റത്.ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെ 10 ഓടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വച്ചാണ് സംഭവം.വാരിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്
• കാറുമായി കൂട്ടിയിടിച്ച് ബൈക്ക് തോട്ടിൽ പതിച്ചു
കട്ടപ്പന : പള്ളിക്കവല സ്‌കൂൾ കവല ബൈപാസ് റോഡിൽ കാറുമായി കൂട്ടിയിടിച്ച ബൈക്ക് തോട്ടിൽ പതിച്ചു.ബൈക്ക് യാത്രികൻ നിസാര പരിക്കുകളോടെ രക്ഷപെട്ടു. വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് ജ്യോതിസ് ജംങ്ഷന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തെ തോട്ടിൽ പതിക്കുകയായിരുന്നു.ബൈക്ക് യാത്രികനായ യുവാവ് റോഡിൽ തെറിച്ചു വീണതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു.വളവിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തെ തുടർന്ന് ഏതാനും സമയം ഗതാഗതം തടസ്സപ്പെട്ടു.പൊലീസ് മേൽ നടപടി സ്വീകരിച്ചു.
• വൻമരം വീണ് ഗതാഗതം തടസ്സപ്പെട്ടു
കട്ടപ്പന : പുളിയൻമലയ്ക്കും പാമ്പാടുംപാറയ്ക്കും ഇടയിൽ അപ്പാപ്പൻപടിയിൽ വഴിയരികിൽ നിന്ന മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച്ച രാവിലെ ഏഴോടെ കനത്ത കാറ്റിൽ മരം കടപുഴകി വീഴുകയായിരുന്നു.വൈദ്യുത പോസ്റ്റുകളും ലൈനും തകർന്നു .കെ .എസ് .ഇ.ബി ജീവനക്കാർ എത്തി വൈദ്യുതി ബന്ധം വിച്‌ഛേദിച്ച ശേഷം കട്ടപ്പനയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.2 മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.