കട്ടപ്പന: കാലവർഷത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. വണ്ടിപ്പെരിയാർ 63ാം മൈലിൽ ഉരുൾപൊട്ടലിൽ തകർന്ന പാലത്തിന് 20 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. നാട്ടുകാരുടെ പരാതി കേട്ട മന്ത്രി ഉദ്യോഗസ്ഥരോട് പുതിയ പാലം വേഗത്തിൽ പൂർത്തിയാക്കണമെന്ന് നിർദേശിച്ചു.
അയ്യപ്പൻ കോവിൽ പഞ്ചായത്തിന്റെ പരപ്പിലുള്ള വികാസ് ക്യാമ്പ് സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തി.
കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിലെ ക്യാമ്പും സന്ദർശിച്ച് അന്തേവാസികളുമൊത്ത് സമയം ചെലവഴിച്ചു. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു വിട്ടതിനെ തുടർന്ന് ജലനിരപ്പ് ഉയരുന്ന വള്ളക്കടവിലും കെ ചപ്പാത്തിലും മന്ത്രി സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വെള്ളം കയറുന്ന പശ്ചാത്തലത്തിൽ സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് അടക്കം സ്വീകരിച്ചിരികുന്ന ഒരുക്കങ്ങൾ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരുമായും മന്ത്രി ചർച്ച നടത്തി. കല്ലാർ കുട്ടിയിൽ തകർന്ന റോഡിലൂടെ ഗതാഗതം ഒഴിവാക്കി പകരം സംവിധാനം ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. കാഞ്ചിയാറിൽ മരം വീണു പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ സന്ദർശിച്ചു.വാഴൂർ സോമൻ എം. എൽ. എ , ജനപ്രതിനിധികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
കാലവർഷത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.