ഇടുക്കി: തുടർച്ചയായ രണ്ടാം വർഷവും മുല്ലയാർ തടസങ്ങളിലാതെ പെരിയാറിലേക്ക് ഒഴുകിയപ്പോൾ തീരദേശവാസികളുടെ ആശങ്കകളും സംശയങ്ങളും തത്കാലത്തേക്കെങ്കിലും ആശ്വാസത്തിന് വഴിമാറി. എന്നാൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത് വീണ്ടും ആശങ്ക ഉയർത്തുന്നുണ്ട്. ഉച്ചയ്ക്ക് ഒന്നിന് നിലവിലെ റൂൾലെവലായ 137.5 അടിയിൽ ജലനിരപ്പ് എത്തിയപ്പോഴാണ് തമിഴ്‌നാട് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 534 ഘനയടി ജലം പുറത്തേക്കൊഴുക്കിയത്. ജലനിരപ്പ് റൂൾ ലെവലിന് മുകളിലെത്തിയതോടെ വൈകിട്ട് മൂന്നിന് മൂന്ന് ഷട്ടറുകൾ കൂടി തുറന്നു. എന്നിട്ടും ജലനിരപ്പ് താഴാത്തതിനെ തുടർന്ന് അഞ്ച് നാല് ഷട്ടറുകൾ കൂടി തുറന്നു. ഇപ്പോൾ ആകെയുള്ള 13 സ്‌പെൽവേ ഷട്ടറുകളിൽ പത്തെണ്ണം 30 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 2141 ഘനയടി ജലമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. സെക്കൻഡിൽ ശരാശരി 8500ൽ അധികം ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ശരാശരി 2100 ഘനയടി വീതമാണ് തമിഴ്‌നാട് സ്വദേശത്തേക്ക് കൊണ്ടപോകുന്നത്. ഈ വെള്ളം സംഭരിക്കുന്ന വൈഗ ഡാം നിറഞ്ഞതിനാൽ ദിവസങ്ങളായി ഷട്ടർ തുറന്നിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെപോലെ രാത്രിയിൽ മുല്ലപ്പെരിയാറിൽ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടമോയെന്ന് പെരിയാർ തീരദേശ വാസികൾക്ക് ആശങ്കയുണ്ട്. 2021ൽ നിരവധി തവണയാണ് രാത്രിയിലടക്കം കൃത്യമായ മുന്നറിയിപ്പിലാതെ വലിയ തോതിൽ വെള്ളം തുറന്നുവിട്ടത്. നിലവിൽ ഷട്ടർ തുറന്ന ശേഷം ഒന്ന് മുതൽ രണ്ട് അടി വരെ ജലനിരപ്പ് പെരിയാറിൽ ഉയർന്നിട്ടുണ്ട്. സെക്കൻഡിൽ ആറായിരം ഘനടയടി വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറൂവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇതിന് മുമ്പ് ഡാം തുറന്നത്.
മുല്ലപ്പെരിയാർ കൺട്രോൾ റൂം
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലമൊഴുകുന്നതുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാൻ മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും ആരംഭിച്ചിട്ടുണ്ട്. ഫോൺ 04869253362, മൊബൈൽ 8547612910). അടിയന്തര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ (04869232077, മൊബൈൽ 9447023597) എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.
പെരിയാറിൽ ജലനിരപ്പ് ഉയർന്നില്ല
കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടിൽ 10 സ്പിൽവെ ഷട്ടറുകൾ തുറന്നെങ്കിലും കാര്യമായി ജലനിരപ്പ് ഉയരാതെ പെരിയാർ. വ്യാഴാഴ്ച പെരുമഴയിൽ ഉണ്ടായ ജലനിരപ്പിനേക്കാളും ഇന്നലെ ജലനിരപ്പ് താഴുകയും ചെയ്തു. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കമ്പോൾ തീര പ്രദേശങ്ങളിൽ വെള്ളം കയറുമെന്ന ആശങ്ക നിലനിന്നിരുന്നു. മുൻ വർഷങ്ങളിൽ ഇത്തരത്തിൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതോടെ ഇത്തവണ വണ്ടിപ്പെരിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ പഞ്ചായത്തുകളിൽ വ്യാപകമായ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. നദിയിൽ ജലനിരപ്പുയർന്നാൽ താണ പ്രദേശങ്ങളിൽ താമസിക്കുന്നവരെ പാർപ്പിക്കുന്നതിനായി ക്യാമ്പുകളും സജ്ജമാക്കിയിരുന്നു. അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിന്റെയും വാഴൂർ സോമൻ എം.എൽ.എയുടെയും നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ തന്നെ തേക്കടിയിലെത്തിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അടിവാരത്ത് വള്ളക്കടവിലും മന്ത്രി സന്ദർശനം നടത്തി. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി വാഹനത്തിൽ അനൗൺസ്‌മെന്റ് നടത്തിയിരുന്നു.
ആശങ്കയൊഴിയാതെ ഇടുക്കി നിറയുന്നു
ആശങ്ക വർദ്ധിപ്പിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ട് അതിവേഗം നിറയുന്നു. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് 157 മില്ലി മീറ്രർ മഴയാണ് ഇവിടെ ലഭിച്ചത്. ഈ സീസണിലെ ഏറ്റവും കൂടിയ മഴയാണിത്. കനത്തമഴയിൽ 93.888 മില്യൺ യൂണിറ്റ് വൈദ്യതിക്ക് ആവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്. മൂന്നടിയോളം വെള്ളമാണ് കൂടിയത്. ഇതോടെയാണ് ഇന്നലെ രാത്രി ഏഴ് മണിയോടെ ജലനിരപ്പ് 2381.53 അടി പിന്നിട്ട് രണ്ടാം ഘട്ട മുന്നറിയിപ്പായ ഓറ്ഞ്ച് അലർട്ട് കെ.എസ്.ഇ.ബി ഡാം സുരക്ഷാ വിഭാഗം പുറപ്പെടുവിച്ചത്. നിലവിലെ സാഹചര്യത്തിൽ മഴ കുറഞ്ഞാലും ശക്തമായ നീരൊഴുക്ക് തുടരുന്നതിനാൽ നാളെയോടെ അപ്പർ റൂൾകർവായ 2383.53 അടിയിലെത്തും. കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 11 അടിയോളം വെള്ളം കൂടുതലാണിത്. നേരത്തെ ബുധനാഴ്ച 2375.53 അടിയെത്തിയതോടെ ഇടുക്കിയിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു. രണ്ടര ദിവസം കൊണ്ട് ആറ് അടിയോളം വെള്ളമാണ് ഇടുക്കിയിൽ ഉയർന്നത്. ആകെ സംഭരണ ശേഷിയുടെ 75.32 ശതമാനമാണിത്. ജലനിരപ്പ് 2382.53 അടിയെത്തിയാൽ റെഡ് അലർട്ടും പിന്നാലെ 2383.53 എത്തിയാൽ ചെറതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുകയും ചെയ്യും.