ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വള്ളക്കടവിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഫയർഫോഴ്‌സിന്റെയും എൻ.ഡി.ആർ.എഫിന്റെയും സംഘങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. റൂൾലെവൽ പരിധിയിൽ എത്തിയിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്നും എറണാകുളം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്നും മന്ത്രി വ്യക്തമാക്കി.