 
മൂന്നാർ : ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിൽ ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിൽ ജാഗ്രത നടപടികളുടെ ഭാഗമായി ചെണ്ടുവരെ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഉരുൾപൊട്ടലിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് രൂപം കൊണ്ട ആശങ്ക കണക്കിലെടുത്ത് ജാഗ്രതാ നടപടികളുടെ ഭാഗമായി ക്യാമ്പ് തുറക്കാൻ തീരുമാനിക്കുകയായിരുന്നു. പതിനേഴ് കുടുംബങ്ങളാണ് നിലവിൽ ക്യാമ്പിലേക്ക് മാറി താമസിച്ചിട്ടുള്ളത്. 20 പുരുഷൻമാരും 23 സ്ത്രീകളും 17 കുട്ടികളുമടക്കം 60 പേർ ക്യാമ്പിലുണ്ട്. വിവിധ ക്ലാസ് മുറികളിലായിട്ടാണ് ക്യാമ്പിലെത്തിയവർക്കായി താമസ സൗകര്യം ക്രമീകരിച്ചിട്ടുള്ളത്. ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിൽ ഏതാനും കുടുംബങ്ങളെ കുണ്ടള എൽ പി സ്‌കൂളിലേക്കും മാറ്റിയിരുന്നു. പിന്നീട് ശനിയാഴ്ച്ച പകൽ എല്ലാവരേയും ചെണ്ടുവരെ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലേക്ക് മാറ്റി ക്യാമ്പിന്റെ പ്രവർത്തനം ഒരിടത്തായി ഏകോപിപ്പിക്കുകയായിരുന്നു. ഉരുൾപൊട്ടൽ ഉണ്ടായതിന് സമീപം താമസിച്ച് വന്നിരുന്ന ചിലർ ബന്ധുവീടുകളിലേക്കും താൽക്കാലികമായി മാറിയിട്ടുണ്ട്. പ്രദേശത്ത് ഉരുൾപൊട്ടിയതായുള്ള വിവരം ലഭ്യമായതോടെ പ്രാദേശിക ഭരണകൂടങ്ങളുടെയും കമ്പനിയുടെയും ഇടപെടലിലൂടെ പ്രദേശത്തെ കുടുംബങ്ങളെ ആകെ സുരക്ഷിത ഇടങ്ങളിലേക്ക് വളരെ വേഗത്തിലാണ് മാറ്റിപാർപ്പിച്ചത്. ബന്ധുവീടുകളിലേക്ക് മാറി താമസിച്ചിട്ടുള്ള ചില കുടുംബങ്ങളും ക്യാമ്പിലേക്ക് എത്തിയേക്കുമെന്ന് ദേവികുളം തഹസീൽദാർ പറഞ്ഞു.