 
നെടുങ്കണ്ടം . കനത്ത മഴയെത്തുടർന്ന് കിണർ ഇടിഞ്ഞ് താഴ്ന്നു. നെടുങ്കണ്ടം കോട്ടയിൽ നാസർ ഹസനാരുടെ പുരയിടത്തിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. കിണറിന് സംരക്ഷമായി ഒരുക്കിയിരുന്ന 27 റിങുകളിൽ 3 എണ്ണം മാത്രമെ പുറത്ത് കാണാൻ പറ്റുകയുള്ളു. സംഭവത്തെക്കുറിച്ച് നാസർ പറയുന്നതിങ്ങനെ. പശുക്കളെ വളർത്തിയാണ് ജീവിക്കുന്നത്. സ്വന്തമായി 5 പശുക്കളുണ്ട്. കാലിത്തൊഴുത്ത് കഴുകാനും പശുക്കളെ കുളിപ്പിക്കാനുമായി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മോട്ടറിട്ടു. വെള്ളം വരാതെ വന്നതോടെ കിണർ പരിശോധിക്കാനെത്തിയപ്പോഴാണ് കിണർ ഇടിഞ്ഞ് താഴ്ന്നത് കണ്ടത്. മോട്ടറും പൈപ്പും കിണറിനൊടൊപ്പം താഴ്ന്ന പോയ നിലയിലാണ്. ഇതോടെ വീട്ടിലേക്കുള്ള കുടിവെള്ളവും മുടങ്ങി. സമീപവാസിയുടെ കുഴൽ കിണറിൽ നിന്നാണ് ഇപ്പോൾ വെള്ളം എടുക്കുന്നത്.