നെടുങ്കണ്ടം :ഉടുമ്പൻചോല താലൂക്ക് വികസന സമിതി യോഗത്തിൽ നിരന്തരമായി വിട്ടു നിൽക്കുന്ന നെടുങ്കണ്ടം പൊലീസിന് രൂക്ഷ വിമർശനം. മഴക്കെടുതി അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന യോഗത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തില്ല. പൊലീസ്, വനംവകുപ്പ് വകുപ്പുകൾ സഹകരിക്കാത്ത കാര്യം ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കലക്ടർക്കും പരാതിയായി നൽകും. നെടുങ്കണ്ടം കിഴക്കേ കവലയിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്‌ഫോർമർ മാറ്റാൻ പൊലീസ് തടസം സൃഷ്ടിക്കുന്നതായും ഇതോടെ ടൗണിലെ ഓപ്പൺ സ്റ്റേജ് നിർമാണം തടസപ്പെട്ടതായും സിപിഎം നെടുങ്കണ്ടം ഏരിയ സെക്രട്ടറി വി.സി. അനിൽ പരാതി ഉയർത്തി. വിഷയത്തിൽ ഇടപെടുമെന്ന് താലുക്ക് വികസന സമിതി അറിയിച്ചു. ഭൂവിഷയങ്ങൾ പരിഹരിക്കാനും പട്ടയ നടപടി വേഗത്തിലാക്കാനും ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം ചേരണമെന്നും യോഗത്തിൽ തീരുമാനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി പ്രിൻസ്, ശോഭന വിജയൻ, ജനപ്രതിനിധികളായ സി.എം.കുര്യാക്കോസ്, ജോജി ഇടപ്പള്ളിക്കുന്നേൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.