തൊടുപുഴ: കനത്ത മഴയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിലുണ്ടായത് ഒരു കോടി രൂപയുടെ കൃഷി നാശം. 70 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. ഏഴു ബ്ലോക്കുകളിലായി 700 കർഷകരുടെ കൃഷിയാണ് നശിച്ചത്. പീരുമേട് ബ്ലോക്കിലാണ് കൂടുതൽ നാശ നഷ്ടം ഉണ്ടായത്. 30 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് ഇവിടെ നശിച്ചത്. 313 കർഷകർക്ക് വിള നാശമുണ്ടായി. അടിമാലി ബ്ലോക്കിൽ 27 കർഷകരുടെ ആറ് ഹെക്ടർ കൃഷി നശിച്ചതിലൂടെ ആറ് ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ദേവികുളത്ത് 11 ഹെക്ടർ സ്ഥലത്ത് കൃഷി നാശമുണ്ടായി. 105 കർഷകരെ ബാധിച്ചു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇളംദേശം ബ്ലോക്കിൽ 11 കർഷകർക്കായി 60,000 രൂപയുടെ നഷ്ടമുണ്ടായി. ഇടുക്കി ബ്ലോക്കിൽ മൂന്ന് ഹെക്ടർ കൃഷി നശിച്ചതിലൂടെ 107 കർഷകർക്കും കട്ടപ്പന ബ്ലോക്കിൽ 110 കർഷകർക്കായി 14 ഹെക്ടർ സ്ഥലത്തെ കൃഷിയുമാണ് നശിച്ചത്. തൊടുപുഴ ബ്ലോക്കിൽ 22 കർഷകർക്ക് കൃഷി നാശമുണ്ടായി. 1.18 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
നശിച്ചത് ഓണം വിളവെടുപ്പിനുള്ള കൃഷി
ഓണം വിളവെടുപ്പ് ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന വാഴയും മറ്റുമാണ് വ്യാപകമായി കാറ്റിലും മഴയിലും നശിച്ചത്. കഴിഞ്ഞ ഒന്നു മുതൽ ഇന്നലെ വരെയുണ്ടായ വ്യാപക മഴയിലാണ് ഇത്രയും കൃഷി നാശം നേരിട്ടത്. കൃഷി നാശമുണ്ടായ കർഷകർക്ക് അടിയന്തര സഹായമെത്തിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.