ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്ന് വീണ്ടും വെള്ളമൊഴുകുന്നത് ചരിത്രത്തിലേക്ക്. നിർമ്മാണം പൂർത്തിയാക്കി അര നൂറ്റാണിലേക്ക് എത്തുമ്പോൾ ഇതുവരെ 12 തവണയാണ് അണക്കെട്ട് തുറന്നത്. കഴിഞ്ഞ വർഷം നാല് തവണയാണ് തുറന്നത്. 2021ൽ ഒക്ടോബർ 19ന് തുറന്ന അണക്കെട്ട് 27നാണ് അടച്ചത്. പിന്നീട് നവംബർ 14ന് തുറന്ന അണക്കെട്ട് 16ന് അടച്ചു. 18ന് വീണ്ടും തുറന്നു. 20ന് രാത്രിയിൽ വലിയ മരത്തടി ഒഴുകിയെത്തിയതോടെ ഷട്ടർ അടക്കുകയും ചെയ്തു. ഡിസംബർ ഏഴിനായിരുന്നു അവസാനമായി തുറന്നത്. ഒമ്പതിന് അടയ്ക്കുകയും ചെയ്തു. 1981ലും ഷട്ടർ തുറന്നത് നാല് തവണയാണ്. എന്നാൽ ഇത് പണി പൂർത്തിയായ ശേഷം ആദ്യമായി ജലനിരപ്പ് ഉയർന്നതോടെ ഷട്ടറുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു. 1992ൽ രണ്ട് തവണയാണ് ഷട്ടർ ഉയർത്തിയത്. പിന്നീട് 26 വർഷങ്ങൾക്ക് ശേഷം മഹാപ്രളയത്തെ തുടർന്ന് 2018ലും രണ്ട് തവണ തുറന്നു. അന്ന് കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഷട്ടർ തുറക്കുന്നത് കാണാൻ കേരളം മുഴുവൻ കാത്തിരുന്നു. പ്രളയസമാന സാഹചര്യത്തിലും ആയിരങ്ങളാണ് ചെറുതോണിയിലേക്ക് ഒഴുകിയെത്തിയത്. കുത്തൊഴുക്കിൽ ചെറുതോണി പാലം ഭാഗികമായി തകർന്നു. പെരിയാർ തീരത്തുള്ള മരങ്ങൾ കടപുഴകി, നിരവധി വീടുകളിൽ വെള്ളം കയറി, നിരവധി ചെറുപാലങ്ങൾ തകർന്നു. എറണാകുളം ജില്ലയിലടക്കം വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. സെപ്തംബർ ഏഴിനാണ് ഷട്ടറുകൾ താഴ്ത്തിയത്. പിന്നീട് ശക്തമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്നും മുല്ലപ്പെരിയാർ നിറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലുമാണ് രണ്ട് മാസങ്ങൾക്ക് ശേഷം ഒക്ടോബർ ആറിന് ഡാമിന്റെ ഒരു ഷട്ടർ തുറന്നത്. തൊട്ടടുത്ത ദിവസം കാലാവസ്ഥാ മുന്നറിയിപ്പ് പിൻവലിച്ചതോടെ അണക്കെട്ട് അടച്ചു. അന്ന് കാര്യമായ നാശനഷ്ടമുണ്ടായില്ല. ഇന്ന് രാവിലെ 10ന് ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്‌സ് ജലമാണ് ഒഴുക്കി വിടുക. 50,0000 ലിറ്റർ ജലം വരുമിത്.
ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ഉൾപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ഇടുക്കി. ഇവിടെ നിന്നുള്ള വെള്ളം ടണൽ വഴി മൂലമറ്റത്തെ ഭൂഗർഭ നിലയത്തിലെത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ജലനിരപ്പ് ഉയരാൻ തുടങ്ങിയതോടെ കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഇവിടെ പരമവാധി ഉത്പാദനം നടക്കുന്നുണ്ട്. 60 ചതുരശ്ര കിലോ മീറ്ററിലാണ് ഇടുക്കിയിലെ വെള്ളം വ്യാപിച്ച് കിടിക്കുന്നത്. ഷട്ടറുയർത്തുമ്പോൾ ചെറുതോണി പുഴ വഴി എത്തുന്ന വെള്ളം ആദ്യമെത്തുക ലോവർ പെരിയാർ ഡാമിലേക്കാണ് ഇവിടെ നിന്ന് പെരിയാറായി ഒഴുകി ഭൂതത്താൻകെട്ട് ഡാം വഴി എറണാകുളം ജില്ലയിലേക്ക് കടക്കും. ആലുവ വഴി ഒരുഭാഗം കൊച്ചി കായലിലും മറ്റൊരു ഭാഗം അറബികടലിലും ചേരും. ലോവർ പെരിയാർ, ഭൂതത്താൻ കെട്ട് അണക്കെട്ടുകൾ ദിവസങ്ങളായി തുറന്നിരിക്കുകയാണ്. കല്ലാർകുട്ടി ഡാമിലെ വെള്ളം ലോവർ പെരിയാറിലേക്കാണ് എത്തുന്നത്. മാട്ടുപ്പെട്ടി, കുണ്ടള, പൊന്മുടി തുടങ്ങിയ ഡാമുകളിൽ നിന്നുള്ള വെള്ളവും കല്ലാർകുട്ടി എത്തി ലോവർ പെരിയാറിലെത്തും.
അഞ്ച് പഞ്ചായത്തും വില്ലേജും ജാഗ്രതയിൽ
ഡാം തുറക്കുന്നതിന് മുന്നോടിയായി ജില്ലയിലെ
ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുത്തോട്, തങ്കമണി വാത്തിക്കുടി എന്നീ വില്ലേജുകളിലും വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി എന്നീ പഞ്ചായത്തുകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻ കരുതലെന്ന നിലയിൽ 79 വീടുകളിൽ നോട്ടീസ് കൊടുത്തിട്ടുണ്ട്. ഇന്നലെ അഞ്ചു മണി മുതൽ അനൗൺസ്‌മെന്റ് നൽകുന്നുണ്ട്.
ജലം ഒഴുകി പോകുന്ന പാതകളിലെ തടസങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഡാം തുറക്കുന്നത് സംബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റ്യൻ, ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ഡാമിന്റെ സമീപ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, തഹസീൽദാർ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
വേണം ജാഗ്രത
ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീൻപിടുത്തവും നിരോധിച്ചിട്ടുണ്ട്. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നത് ഒഴിവാക്കണം. വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക് ലൈവ് എന്നിവ കർശനമായി നിരോധിച്ചു. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പൊലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.