മൂന്നാർ: തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലയങ്ങൾക്കിടയിലേക്ക് ഇടിത്തീ പോലെ ഉരുൾപൊട്ടിയെത്തിയ കല്ലും മണ്ണും റോഡിൽ തട്ടി നിന്നില്ലായിരുന്നെങ്കിൽ... കോരിച്ചൊരിയുന്ന മഴയിൽ സുഖമായുറങ്ങുന്ന ഗർഭിണികളും കുട്ടികളുമടക്കമുള്ള 141 ലയങ്ങളുടെ മുകളിലേക്ക് കുത്തിയൊഴുകിയെത്തിയ കല്ലും ചെളിയും പതിച്ചിരുന്നെങ്കിൽ... ചിന്തിക്കാൻ കൂടി വയ്യ,​ കേരളത്തെ നടുക്കിയ മറ്റൊരു ദുരന്തമാവുമായിരുന്നു ഫലം. എഴുപത് മനുഷ്യരുടെ ജീവൻ നഷ്ടമായ പെട്ടിമുടി ദുരന്ത വാർഷിക ദിനത്തിലാണ് മൂന്നാർ ചെണ്ടുവരൈ എസ്റ്റേറ്റിൽ ഈ ഉരുളും പൊട്ടിയതെന്നത് യാദൃച്ഛികം മാത്രം. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് മാട്ടുപ്പെട്ടി ഡാമിനും കുണ്ടള ഡാമിനും ഇടയിൽ ഏകദേശം ഒരു കിലോമീറ്റർ മുകളിൽ നിന്ന് ഉരുൾപൊട്ടി വൻ പാറക്കൂട്ടങ്ങളും വലിയ മരങ്ങളും താഴേക്ക് പതിച്ചത്. ഭാഗ്യത്തിന് ഇവ മൂന്നാർ- വട്ടവട റോഡിൽ തടഞ്ഞു നിന്നു. ലയങ്ങളിലുള്ളവരെല്ലാം നല്ല ഉറക്കമായതിനാൽ ഉരുൾപൊട്ടിയ കാര്യം ആരും അറിഞ്ഞിരുന്നില്ല. പുലർച്ചെ ഇതുവഴി വാഹനത്തിൽ വന്നവരാണ് ഉരുൾപൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത് കണ്ടത്. മലവെള്ളപ്പാച്ചിലിൽ ഇരച്ചെത്തിയ മണ്ണും കല്ലും മരങ്ങളുമെല്ലാം വന്നടിഞ്ഞ് മൂന്നാർ വട്ടവട റോഡിലെ ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. ഈ റോഡ് തകർന്നതോടെ വട്ടവട, കോവിലൂർ, ടോപ്പ്‌സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങൾ ഒറ്റപ്പെട്ടു. ഈ റോഡിന് തൊട്ടു താഴെയാണ് 141 കുടുംബങ്ങളിലായി 450 പേർ താമസിക്കുന്നത്. ഈ വീടുകളിൽ താമസിച്ചിരുന്നവരെ കമ്പനി അധികൃതരും രക്ഷാപ്രവർത്തകരും ചേർന്ന് രാത്രി തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന മൂന്ന് കടകളും ഒരു ക്ഷേത്രവുമാണ് മണ്ണും കല്ലും വീണ് നശിച്ചത്. മൂന്നാറിൽ നിന്ന് അഗ്‌നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ഉരുൾപൊട്ടിയെത്തിയ കല്ലും മണ്ണും നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. പ്രദേശത്ത് വീശുന്ന കാറ്റും ഇടയ്ക്കിടെ പെയ്യുന്ന മഴയും ശ്രമം ദുഷ്‌കരമാക്കുന്നുണ്ട്. ഉരുൾ പൊട്ടിയിറങ്ങിയ ഭാഗത്ത് കൂടി ശക്തമായ നീരൊഴുക്ക് തുടരുന്നുണ്ട്. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, അഡ്വ. എ. രാജ എം.എൽ.എ തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.