വണ്ടിപെരിയാർ : ഗ്രാമ്പിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബാലനെ ഇന്നലെ നടന്ന തിരച്ചിലിലും കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ നടത്താനാവാത്ത സാഹചര്യത്തിൽ റെസ്‌ക്യൂ സംഘം ശ്രമം അവസാനിപ്പിച്ചു. ഇന്നലെ രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായി രണ്ട് ടീമായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ നടത്തിയ തിരച്ചിലിലും കുട്ടിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തുടർ നടപടികൾ നിശ്ചയിക്കുന്നതിനായി തഹസിൽദാരുടെ നേതൃത്വത്തിൽ തെരച്ചിൽ സംഘവുമായി ചർച്ച നടത്തി. തിരച്ചിൽ ഇന്നും (8) തുടരാൻ നിർദേശം നല്കിയിട്ടുള്ളതായി യോഗത്തിന് ശേഷം പീരുമേട് തഹസിൽദാർ വിജയലാൽ കെ എസ് അറിയിച്ചു.
ഇന്ന് പുറക്കയം, കണ്ടക്കയം മേഖലകളിൽ നെറ്റ് സ്ഥാപിക്കും. തെരച്ചിൽ സംഘത്തിനൊപ്പം കുട്ടിയുടെ മൂത്ത സഹോദരങ്ങളും ചേരും. രാവിലെ മുതൽ തന്നെ ഇരു സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ പുനഃരാരംഭിക്കും. ഗ്രാമ്പി സ്വദേശിയായ ബാലനെയാണ് കാണാതായത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്.