മൂന്നാർ: ദേശീയപാതാ വികസനത്തിന്റെ മറവിൽ വൻതോതിൽ പാറ പൊട്ടിച്ച് കടത്തിയതിന്റെ ബാക്കിപത്രമായി ദേവികുളം ഗ്യാപ്പ് റോഡിലെ മലയിടിച്ചിൽ തുടരുന്നു. ശനിയാഴ്ച രാത്രിയും കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ ഗ്യാപ്പ് റോഡിൽ നിന്ന് ബൈസൺവാലിയിലേക്ക് തിരിയുന്ന ഭാഗത്ത് വലിയ തോതിൽ പാറക്കല്ലുകൾ അടർന്ന് വീണിരുന്നു. അപകടസമയത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. കഴിഞ്ഞമാസം 14ന് ഇതേ റോഡിൽ വലിയ തോതിൽ മലയിടിഞ്ഞിരുന്നു. 10 ദിവസത്തിന് ശേഷമാണ് ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനായത്. റോഡ് നിർമ്മാണത്തിന്റെ മറവിൽ കരാറുകാരൻ പുറമ്പോക്കിൽ നിന്നടക്കം അശാസ്ത്രീയമായി വൻ തോതിൽപാറ പൊട്ടിച്ച് കടത്തിയിരുന്നു. റോഡിന് സമീപത്തുള്ള വൻ മല പൊട്ടിച്ചപ്പോഴുണ്ടായ പ്രകമ്പനവും പ്രധാന കാരണമായിട്ടുണ്ട്. പ്രദേശത്തെ മലകളിലെ പാറകളിൽ വിള്ളലുകൾ വീഴാൻ ഇതു കാരണമായി. ഇനിയും ചെറിയ രീതിയിൽ മഴ പെയ്താൽ പോലും ഇവിടെ മലയിടിച്ചിൽ തുടരുമെന്നാണ് നാട്ടുകാർ പറയുന്നത്. മഴ തുടരുന്നതിനാൽ കല്ലും മണ്ണും കോരി മാറ്റാൻ തടസം നേരിട്ടിരിക്കുകയാണ്. വാഹനങ്ങൾ തത്കാലം രാജാക്കാട് കുഞ്ചിത്തണ്ണി വഴി തിരിച്ച് വിട്ടിരിക്കുകയാണ്. 2017ൽ നിർമ്മാണം ആരംഭിച്ച ശേഷം ഒരു ഡസനിലേറെ തവണയാണ് ഇവിടെ വലിയ മലയിടിച്ചിലുണ്ടായത്. 2019 ഒക്ടോബർ എട്ടിനും 11നുമുണ്ടായ ഇടിച്ചിലുകളായിരുന്നു ഇവയിൽ ഭീകരം. 11നുണ്ടായ മലയിടിച്ചിലിൽ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി മണ്ണിനടിയിൽപ്പെട്ട് മരിയ്ക്കുകയും മറ്റൊരാളെ കാണാതാകുകയും ചെയ്തിരുന്നു. മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറികളുമടക്കം നിരവധി വാഹനങ്ങൾ അന്ന് തകർന്നിരുന്നു. മലയടിവാരത്ത് ഏക്കറുകണക്കിന് കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ റോഡ് നിർമ്മിച്ചതും വൻപാറക്കെട്ടുകൾ അനധികൃതമായി പൊട്ടിച്ചുനീക്കിയതും മൂലമാണ് മലയിടിഞ്ഞതെന്നു ദേവികുളം സബ് കളക്ടറായിരുന്ന രേണുരാജ് അന്ന് റിപ്പോർട്ട് നൽകിയിരുന്നു. അത് അവഗണിച്ച് പാറപൊട്ടിക്കലും നിർമ്മാണപ്രവർത്തനങ്ങളും തുടർന്നു. ഇതിന്റെ പരിണിതഫലമായി പിന്നീട് പലപ്പോഴായി വൻതോതിലുള്ള മണ്ണിടിച്ചിലാണ് ഇവിടെയുണ്ടായത്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ നിന്ന് യാതൊരു മാനദണ്ഡവും പാലിക്കാതെ വൻതോതിൽ പാറ പൊട്ടിച്ച് കടത്തിയ സംഭവത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുക്കാൻ രണ്ടാഴ്ച മുമ്പ് നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
തകർത്ത ചരിത്ര പാത
1924ലെ പ്രളയത്തിൽ മൂന്നാർ ടോപ്പ് സ്റ്റേഷനിലെ മോണോ റെയിൽ സംവിധാനം തകർന്നതിനെ തുടർന്ന് തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള ചരക്ക് ഗതാഗതം പൂർണമായും നിലച്ചപ്പോൾ റെയിലിന് ബദലായി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ദേവികുളം ഗ്യാപ്പ് റോഡ്. അതീവപരിസ്ഥിതി ദുർബലമായ പ്രദേശത്ത് തീർത്തും പ്രകൃതിസൗഹൃദമായിട്ടായിരുന്നു നിർമ്മാണം. ലോക്ഹാർട്ട് ഗ്യാപ്പെന്നും ഇവിടം അറിയപ്പെടുന്നു. ഇത് പിന്നീട് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായി. മൂന്നാറിൽ നിന്ന് 14 കിലോമീറ്ററാണ് ഗ്യാപ്പിലേക്കുള്ള ദൂരം. ഇവിടെ ചില ഭാഗത്ത് റോഡിന് വീതി തീരെ കുറവായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം 2017 ആഗസ്റ്റിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ റോഡ് വീതി കൂട്ടാൻ ആരംഭിച്ചു. ഇതിനായി 381 കോടി രൂപയാണ് ഉപരിതല ഗതാഗതവകുപ്പ് അനുവദിച്ചത്. രണ്ടു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കൊച്ചി കേന്ദ്രമായ റോഡ് നിർമ്മാണ കമ്പനിയ്ക്ക് റോഡ് നിർമ്മിക്കുന്നതിലല്ല, പാറ പൊട്ടിച്ച് കടത്തുന്നതിൽ മാത്രമായിരുന്നു താത്പര്യം.
പൊട്ടിച്ച് കടത്തിയത് കോടികൾ
ഗ്യാപ്പ് റോഡിൽ നിന്ന് കരാറുകാരന്റെ നേതൃത്വത്തിൽ അനധികൃതമായി പൊട്ടിച്ച് കടത്തിയത് 2.5 ലക്ഷത്തിലധികം ക്യുബിക് മീറ്റർ പാറ. പൊതുവിപണിയിലെ വിലയനുസരിച്ച് ഒരു ക്യുബിക് മീറ്റർ പാറയ്ക്ക് 1250 രൂപ കണക്കുകൂട്ടിയാൽ തന്നെ 31.25 കോടി രൂപ മൂല്യമുണ്ട്. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 4.52 കോടി രൂപ മാത്രമാണ് നഷ്ടം.