മുട്ടം:തോട്ടുങ്കര പാലത്തിന്റേയും ഇതിന് സമീപത്തുള്ള രണ്ട് വലിയ വാകമരത്തിന്റേയും അപകടാവസ്ഥക്ക് പരിഹാരമാകുന്നില്ല.തോട്ടുങ്കര പാലത്തിന്റെ കൈവിരിയോട് ചേർന്ന് കഴിഞ്ഞ ദിവസം അപകടകരമായ രീതിയിൽ വിള്ളലുണ്ടായിട്ടുണ്ട്.പാലത്തിലൂടെ നിത്യവും വാഹനങ്ങൾ കടന്ന് പോകുന്നതിനെ തുടർന്നും വിളളലിലേക്ക് മഴവെള്ളം വ്യാപകമായി ഒഴുകിയിറങ്ങുന്നതിനാലും ടാറിങ്ങും മിറ്റലും ഇളകി ഇവിടം കൂടുതൽ അപകടാവസ്ഥയിലാവുകയാണ്.വാഹനങ്ങൾ കടന്ന് പോകുമ്പോൾ പാലത്തിന് കുലുക്കവും സംഭവിക്കുന്നുണ്ട്.അനേകം വാഹനങ്ങൾ കടന്ന് പോകുന്ന തൊടുപുഴ - ഈരാറ്റുപേട്ട - പാലാ സംസ്ഥാന പാതയോട് അനുബന്ധിച്ചുള്ള പാലത്തിലാണ് വിള്ളലുണ്ടായിരിക്കുന്നത്.കൂടാതെ പാലത്തിന്റെ സമീപത്തുള്ള രണ്ട് വലിയ വാകമരങ്ങളും അപകടാവസ്ഥയിലാണ്.പതിറ്റാണ്ടുകൾ പഴക്കമുള്ള വാകമരത്തിന്റെ ആഴ്ന്നിറങ്ങിയ വേരുകൾ റോഡിനും പരപ്പാൻ തോടിന്റെ സംരക്ഷണ ഭിത്തിക്കും വൻഭീഷണിയാണ്.മരത്തിന്റെ വേരുകൾ വളർന്ന് റോഡിന്റെ സംരക്ഷണ ഭിത്തിക്ക് വിള്ളൽ സംഭവിച്ചിട്ടുമുണ്ട്.തോട്ടുങ്കര ലക്ഷം വീട് കോളനിയിലേക്കുള്ള നൂറ് കണക്കിന് കുടുംബക്കാർ നിത്യവും ഉപയോഗിക്കുന്ന റോഡരുകിലും സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ എത്തുന്ന ബസ് സ്റ്റോപ്പിന്റെ സമീപത്തുമാണ് വാകമരങ്ങൾ അപകടാവസ്ഥയിലുള്ളത്.ഇതിനോട് ചേർന്ന് ആളുകൾ കുടുംബമായി താമസിക്കുന്നുമുണ്ട്.മരം ചുവടോടെ മുറിച്ച് മാറ്റാൻ സാധിക്കുന്നില്ലെങ്കിൽ ശിഖരങ്ങൾ മുറിച്ച് മാറ്റിയെങ്കിലും അപകടാവസ്ഥ പരിഹരിക്കാവുന്നതാണ്.
പൗരസമിതി രൂപീകരിച്ചു
പാലത്തിന്റേയും ഇതിനോട് ചേർന്നുള്ള വാകമരങ്ങളുടേയും അപകടാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സംഘടിച്ച് പൗരസമിതി രൂപീകരിച്ചു.സജീവൻ ചെമ്പൻപുരയിടത്തിൽ,ഉമ്മർ എൻ എം,ഷാനവാസ് സി എം,സുധീർ എം കെ,മാർട്ടിൻ കല്ലുപറമ്പിൽ,അബ്‌ദുൽ റഹ്മാൻ എ എസ്,അശോകൻ മഠത്തിപറമ്പിൽ എന്നിവരെ പൗരസമിതിയുടെ കോർഡിനേഷൻ ഭാരവാഹികളായി തിരഞ്ഞെടുത്തു.അപകടാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് മുട്ടം പഞ്ചായത്ത്,വില്ലേജ്,തൊടുപുഴ താഹസീൽദാർ,ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കളക്ടർ എന്നിവർക്ക് നിവേദനം നൽകാനും പൗരസമിതി യോഗം തീരുമാനിച്ചു.