പീരുമേട്: മുല്ലപെരിയാർ ഡാമിൽ നിന്നും കൂടുതൽ ജലം തുറന്നുവിടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപെരിയാർ വള്ളക്കടവ് സന്ദർശിച്ചു. വലിയ തോതിലുള്ള ആശങ്ക ഒഴിവാക്കാനാണ് മുല്ലപ്പെരിയാർ ഡാം ഇപ്പോൾ കൂടുതൽ തുറക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിൽ മുല്ലപെരിയാറിലും ഇടുക്കിയിലും സംഭരണിയിലേക്കുള്ള ഒഴുക്ക് വർദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ജലം ഒഴുക്കി കളഞ്ഞില്ലെങ്കിൽ രണ്ട് ഡാമിന്റെയും ജലനിരപ്പ് ഉയർന്നു നിൽക്കും. ഇത് ഒരു ഘട്ടം കഴിയുമ്പോൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാൻ സാദ്ധ്യത ഉണ്ട്. ഇത് ഒഴിവാക്കാനാണ് കൂടുതൽ ജലം പുറത്തേക്കൊഴുക്കുന്നത്. 2000 ഘനഅടിയിലേറെ ജലം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. രാത്രി 12 മണിയോടെ ജലനിരപ്പ് റൂൾ കർവ് പരിധിയിലേക്കെത്തിക്കാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ സെക്കന്റിൽ 300 ക്യുമെക്‌സ് ജലം ഒഴുക്കുന്നുണ്ട്. എറണാകുളത്തടക്കം മഴ കുറവുണ്ട്. ഇടുക്കിയിൽ നിന്നും നാളെ കൂടുതൽ വെള്ളം ഒഴുക്കിയേക്കുമെന്നും ഇടമലയാർ തുറക്കേണ്ടി വന്നാൽ ഇടുക്കിയിൽ തുറന്ന് വിടുന്ന അളവ് കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്നും പെരിയാർ തീരദേശവാസികൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം നൗഷാദ്, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഉഷ ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.