അടിമാലി: കൈക്കൂലി വാങ്ങുന്നതിനിടെ അടിമാലി പഞ്ചായത്ത് ജീവനക്കാരൻ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. അടിമാലി പഞ്ചായത്തിലെ സീനിയർ ക്ലർക്കും അടൂർ പറക്കോട് മുണ്ടക്കൽ പുതിയവീട്ടിൽ മനോജ് എസ് നായരെയാണ് വിജിലൻസ് സംഘം പിടികൂടിയത്. തിങ്കളാഴ്ച ഉച്ചക്കുശേഷമായിരുന്നു സംഭവം . ഇപ്പോൾ എറണാകുളത്ത് താമസമാക്കിയ അടിമാലി പൊളിഞ്ഞപാലം സ്വദേശിനി 2012ൽ പൊളിഞ്ഞപാലത്ത് ആറ് സെന്റ് സ്ഥലവും വീടും വാങ്ങി. ഈ വീടിന് അന്ന് കെട്ടിട നമ്പറും നൽകിയിരുന്നു. വീണ്ടും സ്ഥലം വില്ക്കുന്നതിന് ശ്രമിച്ചപ്പോഴാണ് കമ്പ്യൂട്ടർരേഖകളിൽ നമ്പറില്ലാത്തത് ശ്രദ്ധയിൽ പ്പെട്ടത്. ഈ വീടിന് നമ്പർ നൽകുന്നതുമായി ബന്ധപ്പെട്ട് സീനിയർ ക്ളർക്ക് മനോജ് ഇരുപത്തയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ആദ്യം 2500 രൂപ ഇയാൾ കൈപ്പറ്റിയിരുന്നതായാണ് സൂചന. അടുത്ത ഘട്ടമായി 8000 രൂപ കൈപ്പറ്റുന്നതിനായി ജീവനക്കാരൻ അടിമാലി പഞ്ചായത്തിന് സമീപം പൊലീസ് സ്‌റ്റേഷന് എതിർവശമുള്ള എടിഎം കൗണ്ടറിന് സമീപമെത്തി. ഇവിടെ വച്ച് പണം കൈപ്പറ്റുന്നതിനിടയിലാണ് ജീവനക്കാരനെ വിജിലൻസ് പിടികൂടുന്നത്. പൊളിഞ്ഞപാലം സ്വദേശിനി കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു പഞ്ചായത്ത് ജീവനക്കാരൻ കൈക്കൂലി ആവശ്യപ്പെട്ടതായുള്ള പരാതി വിജിലൻസിന് നൽകിയത്. ജീവനക്കാരന് കൈമാറുന്നതിനായി പരാതിക്കാരിക്ക് വിജിലൻസ് സംഘം നൽകിയ പണം കണ്ടെടുത്തു.

വിജിലൻസ് ഡിവൈഎസ് പി ഷാജുജോസിന്റെനേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക്‌നേതൃത്വം നൽകിയത്.