കട്ടപ്പന/വണ്ടിപ്പെരിയാർ: ഹൈറേഞ്ചിൽ ശക്തമായ മഴ തുടരുന്നതിനാൽ ജലസംഭരണികളുടെ ഷട്ടറുകൾ കൂട്ടത്തോടെ ഉയർത്തിയതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ ജലം തുറന്ന് വിട്ടതിനെ തുടർന്ന് പെരിയാറിൽ നാലടിയോളമാണ് ജലനിരപ്പ് ഉയർന്നത്. ഇതോടെ വണ്ടിപ്പെരിയാർ മേഖലയിൽ പത്തോളം വീടുകളിലാണ് വെള്ളം കയറിയത്.

വണ്ടിപ്പെരിയാർ, വള്ളക്കടവ്, പശുമല, മ്ലാമല, പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. പത്ത് സ്പിൽവേ ഷട്ടറും 90 സെന്റിമീറ്റർ ഉയർത്തി 7200 ഘനയടിയിലേറെ വെള്ളമൊഴുക്കാൻ തുടങ്ങിയതോടെയാണ് പെരിയാർ നദി കരകവിഞ്ഞ് തീരദേശ മേഖലകളിലെ വീടുകളിൽ വെള്ളം കയറിയത്. തുടർന്ന് പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ഗൃഹോപകരണങ്ങളും മറ്റും അത്യാവശ്യ വസ്തുക്കളുമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി തുടങ്ങി. മുൻകരുതലിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. വണ്ടിപ്പെരിയാർ മോഹനം ആഡിറ്റോറിയം, ശ്രീശക്തി നിലയം, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ ആളുകളെ താമസിപ്പിക്കാൻ സൗകര്യം ഒരുക്കിയതായി വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ പറഞ്ഞു. ഇപ്പോൾ മോഹനം ആഡിറ്റോറിയത്തിൽ നാല് കുടുബങ്ങൾ താമസിക്കുന്നുണ്ട്. ഇവ കൂടാതെ എൽ.പി.സ്‌കൂൾ, യു.പി.സ്‌കൂൾ എന്നിവയും ക്യാമ്പിനായി തയ്യാറാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലക്ക് ജനം എത്താൻ മടിക്കുന്നുണ്ട്. പലരും ബന്ധുവീടുകളിലാണ് അഭയം പ്രാപിക്കുന്നത്. ഇനിയും കൂടുതൽ ജലം മുല്ലപ്പെരിയാറിൽ നിന്നൊഴുക്കിയാൽ കൂടുതൽ തീരദേശവാസികൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവരും. വാഴൂർ സോമൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ, ഇടുക്കി ആർ.ഡി.ഒ തുടങ്ങിയവർ വെള്ലം കയറിയ പ്രദേശങ്ങൾ സന്ദർശിച്ചു. അധികമായി വെള്ളം തുറന്നു വിടുന്നതു സംബന്ധിച്ച് ഞായറാഴ്ച രാവിലെ മുതൽ തന്നെ ജാഗ്രതാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. വണ്ടിപ്പെരിയാറിന് പുറമേ, കെ.ചപ്പാത്ത്, ശാന്തിപ്പാലം, ഉപ്പുതറ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ഈ ഭാഗങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ ക്യാമ്പുകളിലേയ്ക്ക് മാറിയിട്ടില്ല. എന്നാൽ പെരിയാറ്റിൽ ഇനിയും ജലനിരപ്പ് ഉയർന്നാൽ ഇവരോട് ക്യാമ്പുകളിലേയ്ക്ക് മാറാൻ നിർദേശിക്കും.നിലവിൽ ചപ്പാത്ത് പാലത്തിന് താഴെയാണ് നദിയിലെ ജലനിരപ്പ്. ഇടുക്കി ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നതിനെ തുടർന്ന് തടിയമ്പാട് ചപ്പാത്ത് കരകവിഞ്ഞ് വെള്ളമൊഴുകി. ഇതോടെ പാലം വഴിയുള്ള ഗതാഗതവും നിരോധിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ജില്ലയിൽ പൊതുവെ മഴ കുറഞ്ഞെങ്കിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായി പെയ്ത്ത് തുടരുകയാണ്. ദേവികുളത്താണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത്. 107.6 മി.മീറ്ററാണ് ഇവിടെ പെയ്തിറങ്ങിയ മഴ. ഇടുക്കി- 67.16, പീരുമേട്- 54, ഉടുമ്പൻചോല- 25.8, തൊടുപുഴ- 17.8 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ പെയ്ത മഴ.

ക്യാമ്പുകളിൽ 376 പേർ

ഇടുക്കി, മുല്ലപെരിയാർ അണക്കെട്ടുകൾ കൂടി തുറന്ന സാഹചര്യത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. 12 ക്യാമ്പുകളിലായി 376 പേരാണ് താമസിക്കുന്നത്. വെള്ളമൊഴുകുന്ന പ്രദേശങ്ങളിലെല്ലാം അതീവ സുരക്ഷയൊരുക്കിയിട്ടുണ്ട്.

ചെറുതോണി ഡാം സന്ദർശിച്ചു

ചെറുതോണി പഴയപാലത്തിൽ വിള്ലലുണ്ടായെന്ന അഭ്യൂഹത്തെ തുടർന്ന് ഇന്നലെ വൈകിട്ടോടെ ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പാലം സന്ദർശിച്ചു. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പാലത്തിന്റെ തൂണിൽ പായൽ പറ്റിപ്പിടിച്ചിരുന്നതാണ് അഭ്യൂഹത്തിനിടയാക്കിയത്. പാലത്തിന് ഒരു കുഴപ്പവുമില്ലെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ്ജും അറിയിച്ചു.