നെടുങ്കണ്ടം: കാട്ടുകമ്പുകൾ കൊണ്ടുള്ള തൂണുകളിൽ താങ്ങിനിർത്തിയിരുന്ന വീടും ഇടിഞ്ഞുപോയതോടെ കയറിക്കിടക്കാൻ ഇടമില്ലാതായിരിക്കുകയാണ് ഒരു കുടുംബം. വർഷങ്ങളായി വീടിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടെയാണ് കഴിഞ്ഞദിവസത്തെ കാറ്റിലും മഴയിലും, ഉണ്ടായിരുന്ന ചെറിയ വീടും തകർന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് താന്നിമൂട് മേട്ടകിൽ പാറവിളയിൽ ശശിധരൻ -അമ്പിളി ദമ്പതികളുടെ വീട് തകർന്നത്. മൺകട്ട കെട്ടിയ ചെറിയ വീട്ടിലാണ് ഇവർ വർഷങ്ങളായി താമസിക്കുന്നത്. കാറ്റിലും മഴയിലും മേൽക്കൂരയും ഭിത്തികളും ദ്രവിച്ച നിലയിലായിരുന്നു. ഇതേത്തുടർന്ന് വീട് ഇടിയാതിരിക്കാൻ വീടിന് ചുറ്റും മരത്തൂണുകൾ ഉപയോഗിച്ച് താങ്ങ് നൽകിയിരുന്നു. ഇതുൾപ്പടെയാണ് ഇടിഞ്ഞുവീണത്. അടുക്കളയും സമീപത്തെ മറ്റൊരു ഭിത്തിയുമാണ് തകർന്നത്. കട്ടളയും വാതിലും ഉൾപ്പടെയാണ് ഇടിഞ്ഞുവീണത്. ശബ്ദം കേട്ട് വീടിനുള്ളിൽ നിന്നും ശശിധരനും അമ്പിളിയും പുറത്തേക്ക് ഇറങ്ങി മാറിയതിനാൽ അപകടത്തിൽ നിന്നും രക്ഷപെട്ടു.

ഇവർ കഴിഞ്ഞ 20 വർഷമായി വീടിനായി അപേക്ഷകൾ നൽകി കാത്തിരിക്കുകയാണ്. 20 വർഷം മുമ്പ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ ഭവന നിർമാണ പദ്ധതിയിൽ വാർഡ് തലത്തിൽ നാലാം സ്ഥാനത്തായി ശശിധരന് വീട് അനുവദിച്ചിരുന്നു. ഇതിനിടെ സർക്കാർ ലൈഫ് മിഷൻ പദ്ധതി ആവിഷ്‌ക്കരിതോടെ നിയമ പ്രശ്‌നങ്ങളും തലപൊക്കി. 84 സെന്റ് സ്ഥലമുള്ളതിനാൽ വീട് നൽകാൻ കഴിയില്ലെന്ന നിയമമാണ് ഇവർക്ക് തിരിച്ചടിയായത്. നട്ടെല്ലിനുണ്ടുണ്ടായ തകരാറിനെ തുടർന്ന് ശശിധരന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനുശേഷം ജോലിക്ക് പോകാൻ പറ്റാത്ത നിലയാണ്. തൈറോയിഡ് രോഗിയായ അമ്പിളി ജോലിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. പാറത്തോട് വില്ലേജ് ഓഫിസർ ടി.എ.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.

ശശിധരനെയും കുടുംബത്തെയും സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു.

ശശിധരനും അമ്പിളിയും തകർന്ന വീടിന് മുന്നിൽ