നെടുങ്കണ്ടം: റോഡിലെ കുഴികൾ അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുഴികളിൽ വാഴ നട്ടു. നെടുങ്കണ്ടം, താന്നിമൂട് റോഡിൽ എ.എൻ.എസ് പടിയിലെ കുഴിയിലാണ് വാഴ നട്ട് പ്രതിഷേധിച്ചത്. നെടുങ്കണ്ടത്തുനിന്നും തൂക്കുപാലം, കോമ്പയാർ, കമ്പം തുടങ്ങിയ നിരവധി പ്രദേശങ്ങളിലേക്ക് പോകുന്ന റോഡിന്റെ ഒത്ത നടുക്കാണ് അഞ്ച് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴികളിൽ ഇരുചക്രവാഹനങ്ങൾ അടക്കം അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ് . കുഴികളിൽ വീണ് പത്തിലധികം ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് കുഴികൾ ശ്രദ്ധയിൽ പെടാറില്ല. തൊട്ടടുത്തെത്തുമ്പോൾ കുഴികളിൽ വീഴാതെ വെട്ടിച്ചുമാറ്റുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ദിവസേന ആയിരത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കുഴികൾ അടിയന്തിരമായി അടയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോമോൻ പുഷ്പകണ്ടം ഉദ്ഘാടനം ചെയ്തു. നേതാക്കളായ മെൽവിൻ, അരുൺ അരവിന്ദ്, അനിൽ കട്ടുപ്പാറ, കെ.കെ രതീഷ്, സജീവ് പൊന്നാങ്കാണി, ജൂബി എന്നിവർ പങ്കെടുത്തു.