പീരുമേട്: പെരിയാർ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ വള്ളക്കടവ് മുതൽ മ്ലാമല വരെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ഇതോടെസ്ഥലവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുകയാണ്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ് ജലനിരപ്പ് വീണ്ടും ഉയരുന്നതിനാൽ മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നിരിക്കുകയാണ്. നിലവിൽ 9237.00 ക്യുസെക്‌സ് ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. വള്ളക്കടവ് കറുപ്പുപാലം ഇഞ്ചിക്കാട് ആറ്റോരം, തുടങ്ങിയ ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പല കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റി താമസിപ്പിച്ചിട്ടുണ്ട്, വണ്ടിപ്പെരിയാർവികാസ് നഗറിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി.പല കൂടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാതെ ബന്ധുവീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. ഇവിടെ പെരിയാറിനോട് ചേർന്നുള്ള വീടുകളിൽ വെള്ളം കയറി. മഞ്ചുമല ഇഞ്ചിക്കാട് കടശ്ശിക്കടവ്, പശുമല, ചന്ദ്രവനം, കീരിക്കര, മ്ലാമല തുടങ്ങിയ പ്രദേശങ്ങളിലെ പെരിയാർ നദിയുടെ ഇരു വശങ്ങളിലും തീരങ്ങളിൽ താമസിക്കുന്ന നിരവധി വീടുകൾ വെള്ളത്തിനടിയിലായി. . വണ്ടിപ്പെരിയാർ വഞ്ചിവയൽ കോളനിയും ഒറ്റപ്പെട്ട അവസ്ഥയിലാണ് ചന്ദ്രവനം കീരിക്കര പാലവും ജലനിരപ്പ് ഉയർന്നതോടെ വെള്ളത്തിൽ മുങ്ങി. മോഹനം ആഡിറ്റോറിയം, വള്ളക്കടവ് ഗവ: ട്രൈബൽ ഹൈസ്‌കൂളിലും വണ്ടിപ്പെരിയാർ ഗവ: യുപി സ്‌കൂളിലും ക്യാമ്പുകൾ .ആരംഭിച്ചിട്ടുണ്ട്.
ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാഴൂർ സോമൻ എം. എൽ. എ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം നൗഷാദ്, ആർഡിഓ എംകെ ഷാജി, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ ഉൾപ്പെടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രും സ്ഥലം സന്ദർശിച്ച് നടപടികൾ ഏകോപിച്ചുവരികയാണ്.
മുന്നറിയിപ്പ് ഗുണം ചെയ്തു
മുൻകാലങ്ങളിൽ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ രാത്രിയിൽ വെള്ളം തുറന്നുവിട്ടിരുന്നു ഇത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരുന്നു. ഇപ്പോൾ പകൽ വെള്ളം തുറന്നു വിടുന്നത് ജനങ്ങൾക്ക് ആശ്വാസം പകരുന്നുണ്ട് ജനങളുടെ ഭാഗത്തുനിന്നും കൂടുതൽ സഹകരണം ഉണ്ടാകുന്നുണ്ട് .
നീരൊഴുക്ക് കൂടും
മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ നീരൊഴുക്ക് ഇനിയും വർദ്ധിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. മുല്ലപ്പെരിയാർ ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളം കൂടാതെ , വൃഷ്ടിപ്രദേത്ത് പെയ്യുന്ന തോരാത്ത മഴയും, ചെറുതോടുകളിൽ നിന്ന് ഒഴുകുകിയെത്തുന്ന വെള്ളവും പെരിയാറിൽ എത്തുന്നതാണ് ജലനിരപ്പ് ഉയരാനും വീടുകളിൽ വെള്ളം കയറാനും കാരണം.