ചെറുതോണി: ഗാന്ധിനഗറിൽ പട്ടയം വിതരണം ചെയ്യാത്തത് പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി നിർവാഹകസമിതി അംഗം എ.പി ഉസ്മാൻ വ്യക്തമാക്കി. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവരും താമസയോഗ്യമല്ലാത്തവരുമായ നൂറുകണക്കിനാളുകളെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ചെറുതോണി പാലം മുതൽ ഇടുക്കി ആർച്ച്ഡാമിന്റെ പരിസരത്തുനിന്നുവരെ കുടിയൊഴിപ്പിച്ച് ഗാന്ധിനഗറിൽ കുടിയിരുത്തുകയുണ്ടായി. ഭവനനിർമ്മാണബോർഡിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നൂറുകണക്കിന് വീടുകളുടെ പണി പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് വീടും സ്ഥലവും കൈമാറ്റം ചെയ്തു. സർക്കാർ വിതരണം ചെയ്ത ഭൂമി ആയിട്ടുപോലും പട്ടയം നൽകുന്നതിന് നടപടി സ്വീകരിക്കാത്തതിൽ ജനങ്ങൾക്ക് കടുത്ത അമർഷമുണ്ടെന്നും ഉസ്മാൻ പറഞ്ഞു.
ഇതിന് സമാനമായ രീതിയിലാണ് ഇടുക്കി ആർച്ചുഡാമിന്റെ പരിസരത്തു വൻകിട പദ്ധതികൾ വരുമെന്ന് പറഞ്ഞ് അവിടെ താമസിക്കുന്ന പട്ടിണിപാവങ്ങൾക്ക് സർക്കാർ കൈവശരേഖ പോലും നൽകാതെ പറഞ്ഞു വഞ്ചിക്കുകയാ
ണെന്നും കോൺഗ്രസ് വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉസ്മാൻ പറഞ്ഞു. വാർഡ് പ്രസിഡന്റ് ഡി. ദേവനേശൻ നാടാർ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി സെക്രട്ടറി എം.ഡി അർജുനൻ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ജോയി വർഗ്ഗീസ്, കെ ഗോപി, കെ.എം ജലാലുദീൻ, എ.എം പരീത്, മിനി ഭാസ്‌കരൻ, ജോയി കണിയാംകുന്നേൽ, ശാന്ത വേലായുധൻ, ജോയി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.