
തൊടുപുഴ: സംസ്ഥാനത്തെ ജലസംഭരണികളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയെങ്കിലും നീരൊഴുക്ക് തുടരുന്നതിനാൽ ജലനിരപ്പ് കുറയുന്നില്ല.കെ.എസ്.ഇ.ബിയുടെ കീഴിലുള്ള പ്രധാനപ്പെട്ട 17ൽ 13 സംഭരണികളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മുല്ലപ്പെരിയാറിലെ എല്ലാ ഷട്ടറുകളും തുറന്നതോടെ ഇടുക്കിയിലും ജലനിരപ്പ് കുതിച്ചുയരുകയാണ്.ഇന്നലെ രാവിലെ 3 റേഡിയൽ ഷട്ടറുകൾ 60 സെ.മീ. വീതം തുറന്നിരുന്നു.ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് ഉച്ചയോടെ 10 വെർട്ടികൽ ഷട്ടറുകൾ 90 സെ.മീ. തുറന്നത്.കോടതി നിർദ്ദേശ പ്രകാരമാണ് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ ശേഷിയുള്ള ഷട്ടറുകൾ 1980കളിൽ സ്ഥാപിച്ചത്.ഇതിലൂടെ 10,400 ഘനയടിവെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടുന്നുണ്ട്.സെക്കന്റിൽ ശരാശരി 11,683 ഘനയടി വെള്ളം അണക്കെട്ടിലേക്ക് എത്തുമ്പോൾ 2216 തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.അവസാനം വിവരം ലഭിക്കമ്പോൾ 139.55 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
ഇടുക്കിയിൽ ഇന്നലെ ഷട്ടറുകൾ കൂടുതലുയർത്തി ഒഴുക്കുന്ന വെള്ളം 3.5 ലക്ഷം ലിറ്ററിലേക്ക് ഉയർത്തിയത് ഇന്ന് 5 ലക്ഷം ലിറ്റർ വരെയാക്കും.കൂടുതൽ വെള്ളം വന്നതോടെ തടിയമ്പാട്,പെരിയാർവാലി ചപ്പാത്തുകൾ വെള്ളത്തിലാവുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തു.ഇടുക്കിയിൽ 2387.24 അടിയാണ് ജലനിരപ്പ്.