ssdd

തൊടുപുഴ: ഉന്നത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി അന്താരാഷ്ട്ര തലത്തിൽ തൊഴിൽ നേടുന്നതിനുതുകുന്ന വിദ്യാഭ്യാസ നയമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.തദ്ദേശിയ ജനതയുടെ അന്തർദേശിയ ദിനാചരണം നാടുകാണി ആയൂർവേദ ഡിസ്പൻസറി അങ്കണത്തിൽ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി . ആദിവാസി സമൂഹത്തെ സംരക്ഷിക്കുവാൻ നിരവധി കർമ്മ പദ്ധതികളാണ് കേന്ദ്രസംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്നത്. തദ്ദേശീയ ജനതയെ മുഖ്യധാരയിലെത്തിക്കുന്നതിന് മികച്ച വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യം എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.

നാടുകാണി ആയൂർവേദ ഡിസ്പൻസറിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കാലടി ശ്രീശങ്കരാരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കട്ടപ്പന ഗവ.കോളേജിലെ അസി.പ്രൊഫ. എൻ.രജനിയെ മന്ത്രി ചടങ്ങിൽ ആദരിച്ചു. യോഗത്തിൽ വനാവകാശ രേഖകളുടെ വിതരണവും മന്ത്രി നിർവഹിച്ചു. അറക്കുളം, കൊക്കയാർ, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ 9 പേർക്ക് 8.63 ഹെക്ടർ ഭൂമിയുടെ വനാവകാശ രേഖകളാണ് വിതരണം ചെയ്തത്.യോഗത്തിൽ അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗീത തുളസീധരൻ, ത്രിതല പഞ്ചായത്തംഗങ്ങളായ പ്രൊഫ. എം.ജെ ജേക്കബ്, കെ.എൽ ജോസഫ്, സുബി ജോമോൻ, ഷിബു ജോസഫ്, സംസ്ഥാന പട്ടിക വർഗ്ഗ ഉപദേശക സമിതി അംഗം ദിലീപ് കുമാർ, നാടുകാണി ഊരുമൂപ്പൻ ആർ. ചെല്ലപ്പൻ, കരിപ്പലങ്ങാട് ഊരുമൂപ്പൻ റ്റി.കെ. ജയകുമാർ, ഐടിഡിപി ജില്ലാ പ്രൊജക്ട് ഓഫീസർ ജി. അനിൽ കുമാർ, മെഡിക്കൽ ഓഫീസർ ഡോ.ജ്യോതിലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.